ചെങ്ങന്നൂര്‍: പ്രാദേശിക വെളുത്തുള്ളിയുടെ വില വര്‍ധനവിന്റെ മറവില്‍ ചൈനീസ് വെളുത്തുള്ളി വിപണിയില്‍ വ്യാപകമാകുന്നു. 2014 മുതല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളി വില്‍ക്കുന്നതിന് നിരോധനമുണ്ടെങ്കിലും നിരോധനം കാറ്റില്‍പ്പറത്തി വില്പന ഇപ്പോഴും സജീവമാണ്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ചൈനീസ് വെളുത്തുള്ളികള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പറയുന്നു.
പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന വെളുത്തുള്ളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചും ചൈനീസ് വെളുത്തുള്ളിയുടെ വില്പന നടത്താറുണ്ട്. ഉപയോക്താക്കള്‍ക്ക് ചൈനീസ് വെളുത്തുള്ളിയും പ്രാദേശിക വെളുത്തുള്ളിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക വളരെ പ്രയാസമാണ്. എന്നാല്‍, ഇവ തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ടന്ന് വെളുത്തുള്ളി വ്യാപാരികള്‍ പറയുന്നു.
ചൈനീസ് വെളുത്തുള്ളി പ്രാദേശിക വെളുത്തുള്ളിയേക്കാള്‍ വലുതായിരിക്കും. മാത്രവുമല്ല ചൈനീസ് വെളുത്തുള്ളിക്ക് കട്ടി കൂടുതലുമാണ്. പ്രാദേശിക വെളുത്തുള്ളിയുടെ ഒരു അല്ലി തുറക്കുമ്പോള്‍ നല്ല മണം അനുഭവപ്പെടുന്നതാണ്.
എന്നാല്‍, ചൈനീസ് വെളുത്തുള്ളിക്ക് അത്ര കടുപ്പമില്ലാത്ത മണമാണ് ഉള്ളത്. ചൈനീസ് വെളുത്തുള്ളിയുടെ തൊലി എളുപ്പത്തില്‍ കളയാന്‍ സാധിക്കും. പ്രാദേശിക വെളുത്തുള്ളിയുടെ തൊലി കളയുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.
ചൈനയില്‍ വെളുത്തുള്ളി വലിയ തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൃഷിയില്‍ ചൈന വ്യാപകമായി സിന്തറ്റിക് പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. അള്‍സര്‍, അണുബാധ തുടങ്ങിയ ആമാശയ രോഗങ്ങള്‍ക്കും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ചൈനീസ് വെളുത്തുള്ളി കാരണമാകും.
കേരളവിപണിയില്‍ ചൈനീസ് വെളുത്തുള്ളി വില്പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും നിരോധന ഉത്തരവ് നടപ്പിലാക്കുന്നതില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള ട്രേഡേഴ്സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.