മരിച്ചവരെ വിവാഹം കഴിക്കുന്ന പ്രാകൃതാചാരം ചൈനയിൽ ഇപ്പോഴും നടക്കുന്നതായി റിപ്പോർട്ട്. ‘പ്രേത വിവാഹങ്ങൾ’ അഥവാ ‘ഗോസ്റ്റ് വെഡിംഗ്’ എന്ന ആചാരം ചൈനയിലെ ചില ഗ്രാമങ്ങളിൽ നടന്നുവരുണ്ടെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവാഹിതരാകും മുൻപ് മരണം സംഭവിക്കുന്ന വ്യക്തികൾക്കു മരണാനന്തര ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടാതിരിക്കുന്നതിനും അവർ മരണശേഷവും ബ്രഹ്മചാരികളായി തുടരാതിരിക്കുന്നതിനും വേണ്ടിയാണത്രെ അവരുടെ പ്രിയപ്പെട്ടവർ ഇത്തരത്തിലുള്ള വിവാഹച്ചടങ്ങ് നടത്തുന്നത്. ഇത്തരം ചടങ്ങിൽ വധുവിന്റെയോ വരന്റെയോ സ്ഥാനത്ത് മരിച്ചുപോയവരുടെ മൃതദേഹം ആയിരിക്കും ഉണ്ടാകുക.
സാധാരണ വിവാഹംപോലെ ആഘോഷമായിട്ടാണു പ്രേതവിവാഹങ്ങളും നടത്തുന്നത്. അവിവാഹിതർ മരിച്ചാലുടൻ അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ ബന്ധുക്കൾ ശ്രമം നടത്തും. പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാലുടൻ വിവാഹനിശ്ചയവും വിവാഹവും. വിവാഹവസ്ത്രങ്ങൾ ധരിപ്പിച്ച് മൃതദേഹം വിവാഹവേദിയിൽ എത്തിച്ചാണു വിവാഹം നടത്തുക.
ഇത്തരത്തിലുള്ള പ്രേതവിവാഹങ്ങൾ നടത്തിയാൽ അടുത്ത ജന്മത്തിൽ അവിവാഹിതരായി തുടരില്ലെന്ന വിശ്വാസവുമുണ്ട്. അസാധാരണമായ ഈ ആചാരത്തിന് 3,000 ത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്നും ചൈനീസ് സർക്കാർ ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിദൂര ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും രഹസ്യമായി ഇത് നടക്കാറുണ്ടെന്നും മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു.