ചൈന അങ്ങനെയാണ് ഇടയ്ക്കിടെ ലോകത്തെ ഒന്നു ഞെട്ടിച്ചില്ലെങ്കില്‍ അവര്‍ക്ക് യാതൊരു മനസ്സമാധാനവും ഉണ്ടാവില്ല. കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്നു പറഞ്ഞ് കുറച്ചു നാള്‍ മുമ്പ് ഒന്നു ഞെട്ടിച്ചതാണ് ഇപ്പോഴിതാ അവര്‍ ചന്ദ്രനില്‍ പരുത്തിവിത്ത് മുളപ്പിച്ചിരിക്കുന്നു. ചൈനീസ് ബഹീരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തില്‍ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്.
ഭൂമിക്ക് എതിരായി നില്‍ക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ നിലയുറപ്പിക്കുന്ന ആദ്യത്തെ പേടകമാണ് ചൈനയുടെ ചാങ് 4. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനില്‍ എത്തുന്നത്. ജയന്റ് ലീഫ് ഫോര്‍ മാന്‍കൈന്‍ഡ് എന്നാണു ഈ സംഭവത്തെ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിക്കുന്നത്. സീല്‍ ചെയ്ത പാത്രത്തില്‍ അടച്ച നിലയിലാണ് പരുത്തി വിത്തുകള്‍ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകള്‍, ചെറു ഈച്ചകളുടെ മുട്ടകള്‍, മണ്ണ്, യീസ്റ്റ് എന്നിവയും ഈ പാത്രത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഈ വിധം അടച്ചു വെക്കപ്പെട്ട പാത്രത്തില്‍ ഒരു കൃത്രിമ ജൈവികഅന്തരീക്ഷം രൂപപ്പെടും. ഇതുവഴിയാണ് വിത്തുകള്‍ അനുകൂല അന്തരീക്ഷം ഉപയോഗിച്ചുകൊണ്ട് മുളപൊട്ടുക.
ഇത് ആദ്യമായാണ് ചന്ദ്രനില്‍ വച്ച് ഒരു സസ്യം തളിരിടുന്നത്. ഈ ശ്രമം ബഹിരാകാശ യാത്രകള്‍ക്ക് പ്രചോദനമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഇനി ചൊവ്വയില്‍ കൃഷി ചെയ്യുന്നതിനെ കുറിച്ചാണ് ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നത്. ചൊവ്വയില്‍ കൃഷി തുടങ്ങിയാല്‍ ബഹിരാകാശ യാത്രികള്‍ക്ക് ദീര്‍ഘകാലം അവിടെ താമസിച്ച് കൃഷി നടത്താന്‍ കഴിയും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ ഭൂമിയിലേയ്ക്ക് തിരിച്ച് വരേണ്ടതുമില്ല.എന്തായാലും ചൈനയുടെ നേട്ടം ലോകത്ത് നടക്കുന്ന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കാകെ പുതിയ ഊര്‍ജം പകര്‍ന്നിരിക്കുകയാണ്.