ന്യൂഡൽഹി: തർക്കം നിലനിൽക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന പുതിയ ഹെലിപോർട്ട് നിർമിച്ചതായി കണ്ടെത്തൽ. അരുണാചൽ പ്രദേശിലെ ഫിഷ്ടെയിൽ സെക്ടറിന് സമീപമാണ് 600 മീറ്റർ നീളമുള്ള റൺവേയും ഒന്നിലധികം ഹാംഗറുകളുമുള്ള ഹെലിപോർട്ട് നിർമിച്ചിരിക്കുന്നത്.
അമേരിക്കൻ എർത്ത് ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സമീപകാല ഉപഗ്രഹ ചിത്രങ്ങളിലാണ് ഇതുസബന്ധിച്ച വിവരമുള്ളത്.
കഴിഞ്ഞ ഡിസംബർ ഒന്നിനുശേഷമാണു പുതിയ ഹെലിപോർട്ടിന്റെ നിർമാണം ആരംഭിച്ചതെന്നു പറയുന്നു. അതിവേഗം നിർമാണം പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യൻ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെയും ചൈനീസ് അതിർത്തിക്കുള്ളിലുമാണ് ഹെലിപോർട്ട് എങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നു വിലയിരുത്തപ്പെടുന്നു.