ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സൈനികസംഘർഷം അവസാനിപ്പിച്ചശേഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയെ സ്വാഗതം ചെയ്ത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന്റെ നികുതിഭീഷണിക്കിടെയാണ് പരസ്പര സഹകരണത്തിനുള്ള ആഹ്വാനം.
യുഎസിന്റെ അധികാര മനോഭാവത്തെയും മേധാവിത്വത്തെയും എതിർക്കുന്നതിൽ ഇരുരാജ്യങ്ങളും നേതൃത്വമായ പങ്കുവഹിക്കണമെന്ന് വാങ് യി അഭിപ്രായപ്പെട്ടു.
ആനയും ഡ്രാഗണും ഒരുമിച്ച് നൃത്തം ചെയ്യുകയെന്നതാണ് ഇരുരാജ്യങ്ങൾക്കും അഭികാമ്യം. ശക്തരായ അയല്‍ക്കാരായ രണ്ടുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണം. ഉഭയകക്ഷി സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും കമ്യുണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടി (സിപിപി) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വാങ് യി പറഞ്ഞു.
2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധം തകർന്നത്. ഇതേത്തുടർന്ന് നാലുവർഷത്തോളം ഇരുസൈന്യവും മേഖലയിൽ മുഖാമുഖം തുടർന്നു.
കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിംഗും റഷ്യൻ നഗരമായ കസാനിൽ നടത്തിയ കൂടിക്കാഴ്ച ഉഭയകക്ഷിബന്ധത്തിൽ വഴിത്തിരിവായി. പിന്നീട് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദര്‍ശിച്ചിരുന്നു.
ഇരുസൈന്യവും സംഘർഷമേഖലയിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. രണ്ടാഴ്ചമുമ്പ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.