ബെയ്ജിംഗ്: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിയുള്ള നാലാമത്തെ പട്ടിക പുറത്തുവിട്ട് ചൈന. 30 സ്ഥലങ്ങളുടെ പുതിയ പട്ടികയാണു ചൈന പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ, സ്ഥലങ്ങളെ പുനർനാമകരണം ചെയ്ത് അരുണാചലിനായുള്ള ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും പുതിയ പേരുകൾ നൽകിയതിലൂടെ ഈ യാഥാർഥ്യം മായുകയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പുതിയ പേരുകളുടെ നാലാമത്തെ പട്ടിക ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
‘സാംഗ്നാൻ’ എന്നാണ് അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് സാംഗ്നാൻ (അരുണാചൽ) എന്നാണ് ബെയ്ജിംഗ് അവകാശപ്പെടുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചു.
മേയ് ഒന്നുമുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു. അരുണാചലിലെ സ്ഥലങ്ങൾക്ക് പേരിടൽ 2017 മുതലാണ് ചൈന ആരംഭിക്കുന്നത്. ആറ് സ്ഥലങ്ങൾക്കാണ് ആദ്യമായി ബെയ്ജിംഗ് പേരിട്ടത്. 2021 ൽ 15 പേരുകളുടെ രണ്ടാമത്തെ പട്ടിക പുറത്തിറങ്ങി. കഴിഞ്ഞ വർഷം 11 സ്ഥലങ്ങൾക്കുകൂടി ചൈന പേരിട്ടു.