കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന് ആവര്ത്തിച്ച് അമേരിക്ക. 2015 ല് തന്നെ സാര്സ് കോവ് വൈറസിലെ ജൈവായുധ ‘സാധ്യത’ ചൈന തിരിച്ചറിഞ്ഞിരുന്നെന്നാണു യു.എസ്. പ്രതിരോധ വകുപ്പായ പെന്റഗണിന്റ നിലപാട്.
ഇതുസംബന്ധിച്ചു ചൈനീസ് സൈന്യം തയാറാക്കിയ ധവളപത്രം ചോര്ന്നുകിട്ടിയെന്നാണ് പെന്റഗണ് പറയുന്നത്.
ധവളപത്രത്തിന്റെ ഉള്ളടക്കം ‘ ദ് ഓസ്ട്രേലിയന്’ പുറത്തുവിട്ടു.
ചൈനീസ് സൈന്യത്തിന്റെ ഭാഗമായ ആരോഗ്യ വിദഗ്ധരാണു ധവളപത്രം തയാറാക്കിയത്. മൂന്നാം ലോകയുദ്ധം ജൈവായുധം ഉപയോഗിച്ചുള്ളതാകുമെന്നു ധവളപത്രത്തിലുണ്ട്.
ജൈവായുധം ഉപയോഗിക്കാന് പറ്റിയ സാഹചര്യത്തെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. വൈകിട്ടാകണം ഈ ആയുധം പ്രയോഗിക്കേണ്ടത്.
മഴയും മഞ്ഞുമുള്ള ദിവസങ്ങള് ഒഴിവാക്കുകയാകും നല്ലത്. ഇവ ജൈവായുധങ്ങളുടെ പ്രവര്ത്തനം തടസപ്പെടുത്തും. കാറ്റും അനുകൂല ഘടകമാണ്.
വൈറസ് പടരുന്നതോടെ ശത്രുരാജ്യത്തിന്റെ ആരോഗ്യ സംവിധാനം തകരാറിലാകും. ഇതോടെ ശത്രുരാജ്യം പ്രതിസന്ധിയിലാകും.
ധവളപത്രത്തിന്റെ അടിസ്ഥാനത്തില് ചൈനയുടെ വുഹാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെയാണു പ്രതിരോധ വിദഗ്ധര് സംശയത്തോടെ കാണുന്നത്.
ഇവിടെ വൈറസുകള്ക്കു ജനിതക മാറ്റം വരുത്തിയിരുന്നതായി ആരോപണമുണ്ട്. കൂടുതല് വ്യാപനശേഷിയും പ്രഹരശേഷിയുമുള്ള വൈറസിനെ ജൈവായുധമായി ഇവിടെ വികസിപ്പിച്ചതാകാമെന്നാണു വാദം.
ഇത്തരം ഗവേഷണശാലകളെ നിരീക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചൈന ശക്തിയുക്തം എതിര്ക്കുകയായിരുന്നെന്നു ഓസ്ട്രേലിയന് സ്ട്രാറ്റജിക് പോളിസി ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് പീറ്റര് ജെന്നിങ്സ് പറഞ്ഞു.
വവ്വാലുകളിലൂടെ പകരുന്ന അസുഖങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് ഇവിടെ പ്രധാനമായും നടക്കുന്നതെന്നാണ് ചൈന പറഞ്ഞിരുന്നത്.
ജീവശാസ്ത്രത്തിലെ ‘ഇരുണ്ട പദാര്ഥ’ത്തിനായുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നതെന്നാണു ചൈനീസ് രേഖകളിലുള്ളത്.
അഞ്ച് സംഘങ്ങളാണ് ഇവിടെ പ്രവര്ത്തിക്കുന്നത്. വവ്വാലുകളെക്കുറിച്ചു ഗവേഷണം നടത്തുന്ന സംഘത്തിന്റെ മേധാവി ഷി ഷെന്ഗ്ലിയാണ്. ഇവര് ‘ബാറ്റ് വുമണ്’ എന്നാണ് അറിയപ്പെടുന്നത്. എന്നാല് ഗവേഷണ ശാലയിലെ പട്ടാളത്തിന്റെ സാന്നിദ്ധ്യം ഇവര് നിഷേധിക്കുന്നു.