ഷാങ്ഹായി (ചൈന): തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവി ടെനിന്നുള്ള വാർത്തകൾ.
ഭാഗ്യം വർധിപ്പിക്കുന്നതിനായി ഒരു തട്ടിപ്പുകാരന്റെ വാക്കുകള്‍ കേട്ട ചൈനാക്കാരന് നഷ്ടമായത് രണ്ട് മില്യൺ യുവാൻ (ഏകദേശം രണ്ടരക്കോടി രൂപ) ആണ്. ഷാങ്ഹായി പ്രവിശ്യയിൽ നിന്നുള്ള വാങ് എന്നയാളാണ് തട്ടിപ്പിനിരയായത്. 2021 ൽ ആയിരുന്നു തട്ടിപ്പുകളുടെ തുടക്കം. സ്വന്തമായി രണ്ടു കടകളും സ്ഥിരവരുമാനവും സന്തോഷകരമായ കുടുംബജീവിതവും നയിച്ചുവരികയായിരുന്നു വാങ്.
ഈ സമയത്താണ് അയാൾ ഷൂ എന്ന് പേരുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുന്നത്. ഇയാൾ വാങ്ങിനോട് അത്ഭുതകരമായ സിദ്ധികളുള്ള മാസ്റ്റർ എന്ന് വിളിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് പറഞ്ഞു. ഓൺലൈനിൽ മാത്രം ദർശനം നൽകിയിരുന്ന മാസ്റ്ററുടെ നിർദേശപ്രകാരം, വാങ് ആദ്യം 4,00,000 യുവാൻ (45,82,311 രൂപ) ബുദ്ധ കുംഭങ്ങൾക്കായി സംഭാവന നൽകി.
പിന്നീട് നിരവധി വിചിത്രമായ ആചാരങ്ങൾ അനുഷ്ഠിക്കണമെന്നു മാസ്റ്റർ പറഞ്ഞു. താറാവിന്റെ കഴുത്ത് ഉപയോഗിച്ച് ഉണ്ടാക്കിയ ഒന്നര കിലോഗ്രാം എരിവുള്ള ഭക്ഷണം ഒരു മണിക്കൂർകൊണ്ട് കഴിക്കുന്നത് മുതല്‍ അഞ്ച് പായ്ക്കറ്റ് സൂര്യകാന്തി വിത്തുകളും അഞ്ച് പായ്ക്കറ്റ് അത്യധികം എരിവുള്ള നൂഡിൽസും കഴിക്കുന്നതും വരെ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇവയൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും മാസ്റ്ററിന് പ്രതിഫലം വാങ് നൽകിക്കൊണ്ടേയിരുന്നു.
സുഹൃത്തായ ഷൂവും പണം വാങ്ങി. ഒരു വര്‍ഷത്തിനുള്ളിൽ സമ്പാദ്യം മുഴുവൻ തീർന്ന വാങ് തന്റെ വീടും കടകളും വിറ്റു. ഇതിനിടെ സുഹൃത്ത് പതിയെ തടിയൂരി. അപ്പോഴാണ് വാങിന് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു മനസിലായത്.
പോലീസ് അന്വേഷണത്തിൽ ഷൂ തന്നെയായിരുന്നു അത്ഭുത സിദ്ധികളുള്ള മാസ്റ്റർ എന്നു പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷൂവിന് തട്ടിപ്പിന് 12 വർഷവും ആറ് മാസവും ജയിൽ ശിക്ഷയും 2,00,000 യുവാൻ പിഴയും കോടതി വിധിച്ചു. ഈ സംഭവം ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്.