ഇന്ന് ലോകത്തെ തര്‍ക്കപ്രദേശങ്ങളില്‍ വലിപ്പത്തില്‍ ഒന്നാം സ്ഥാനമാണ് അക്‌സായ് ചിനിനുള്ളത്. ഇതിന്റെ വിസ്തീര്‍ണം ഏകദേശം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വരും.
1962ല്‍ ചൈന ഇന്ത്യയ്‌ക്കെതിരേ യുദ്ധം തുടങ്ങിയതു തന്നെ ഇന്ത്യന്‍ സൈന്യം ഗാല്‍വന്‍ താഴ് വരയ്ക്കു ചുറ്റുമുള്ള കുന്നുകളിലൊന്നില്‍ സ്ഥാപിച്ച പോസ്റ്റ് തകര്‍ത്തു കൊണ്ടായിരുന്നു. അന്നു മുതല്‍ത്തന്നെ അക്‌സായ് ചിന്‍ തര്‍ക്കമില്ലാതെ സ്വന്തമാക്കുക ചൈനയുടെ സ്വപ്‌നമായിരുന്നു.
ഇന്ത്യയുടെ ശക്തമായ ചെറുത്തു നില്‍പ്പ് മറികടന്ന് ചൈന അന്ന് ഗാല്‍വന്‍ പിടിച്ചെടുത്തു. പിന്നീട് ഒരു മാസത്തിനു ശേഷം പിന്മാറുകയായിരുന്നു.
ഇപ്പോള്‍ ചൈനയുടെ അധീനതയിലുള്ള അക്‌സായ് ചിന്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന ഭയമാണ് ഇപ്പോഴത്തെ ചൈനീസ് പ്രകോപനത്തിനു കാരണം.
അക്‌സായ് ചിന്‍ പ്രദേശം പിടിച്ചെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. ഇത് ചൈനയെ വിറളി പിടിപ്പിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും അവര്‍ ഇതിനോടൊപ്പം കൂട്ടിവായിച്ചു.
അതിര്‍ത്തിക്കടുത്ത് ലാന്‍ഡിങ് സ്ട്രിപ്പുകള്‍ നിര്‍മ്മിച്ചതും തര്‍ക്കഭൂമിക്കടുത്തു പഴയവിമാനത്താവളം പരിഷ്‌ക്കരിച്ചെടുത്തതും പര്‍വതപ്രഹരകോര്‍ രൂപീകരിച്ചതും ചൈനയുടെ ഭയം കൂട്ടി.
നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തിയിലെ ദൗലത് ബേഗ് ഓല്‍ഡിയിലേക്കു റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ചൈനയെ പ്രകോപിപ്പിച്ചു. ഇതെല്ലാം അക്സായ് ചിന്‍ തിരിച്ചു പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ചൈന കരുതുന്നു.
ഓഗസ്റ്റില്‍ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയപ്പോഴും അതിനു മുമ്പും അക്‌സായ് ചിന്‍ തിരിച്ചു പിടിക്കുമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് അക്‌സായ് ചിന്നിലേക്ക് കടന്നു കയറാനുള്ള വഴിയാണ് ഗാല്‍വാന്‍ താഴ് വരയെന്ന് ചൈന കരുതുന്നു.
താഴ്വരയ്ക്കു ചുറ്റുമുള്ള കുന്നുകള്‍ കൈവശമാക്കിയാല്‍ ഈ വഴി തടയാനാവും എന്നാണ് അവരുടെ കണക്കുകൂട്ടല്‍. താഴ്വര പിടിച്ചാല്‍ ദൗലത് ബേഗ് ഓള്‍ഡിയും ചൈനയുടെ കൈപ്പിടിയിലാവും.
അവിടെ നിന്ന് വെറും 16 കിലോമീറ്ററേയുള്ളു കാരക്കോറം ചുരത്തിലേക്ക്. അതിനപ്പുറത്താണ് പാക്കിസ്ഥാന്റെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങള്‍. അങ്ങനെ ഈ ഇടപെടലിന് പാക് താല്‍പ്പര്യങ്ങളും ഉണ്ട്.
കിഴക്കന്‍ കാഷ്മീരില്‍ ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഭൂഭാഗമാണ് അക്സായ് ചിന്‍. ഇന്ത്യ ഈ പ്രദേശത്തെ ജമ്മു കാഷ്മീര്‍ സംസ്ഥാനത്തിനുള്ളിലെ ലഡാക് ജില്ലയുടെ ഭാഗമായി കണക്കാക്കുന്നു.
1962 മുതല്‍ അന്യായമായി ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് ടിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകള്‍ കുറിക്കുന്ന ഈ പ്രദേശം ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ അക്ഷയചീനാ എന്ന പേരില്‍ പരാമര്‍ശനവിധേയമായിട്ടുണ്ട്.
1842-ല്‍ ജമ്മു കാശ്മീര്‍ ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്സായ് ചിന്‍ ഉള്‍പ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി.
നാലു വര്‍ഷങ്ങള്‍ക്കുശേഷം കശ്മീര്‍ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീര്‍-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു.
1947-ല്‍ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിന്‍ പ്രദേശം ഇന്ത്യയുടെ അഭിഭാജ്യ ഭാഗമായിത്തീര്‍ന്നു.
സമുദ്ര നിരപ്പില്‍ നിന്ന് 4000-5000 മീറ്റര്‍ വരെ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശം ഇന്ത്യയുടെ ഭാഗമായി ചൈന ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
1914-ല്‍ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്മോഹന്‍രേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം.
1958ല്‍ അക്സായ്ചിന്‍ ഉള്‍പ്പെടെ പല ഇന്ത്യന്‍ പ്രദേശങ്ങളെയും ചൈനീസ് അതിര്‍ത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യാ-ചൈന ഗവണ്‍മെന്റുകള്‍ തമ്മില്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്തുവെങ്കിലും അക്‌സായ് ചിന്‍ തര്‍ക്കഭൂമിയായി തുടര്‍ന്നു.
1962-ല്‍ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവര്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്സായ് ചിന്‍ പ്രദേശത്തെ ഏകദേശം 38,000-ല്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തു.
തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമായി അറിയാമെങ്കിലും അനധികൃതമായി കൈവശപ്പെടുത്തിയ ഈ ഭൂമി വിട്ടുനല്‍കാന്‍ ചൈന ഇന്നും തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണവും.