കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത് ഒട്ടും ഈസിയായ കാര്യമല്ല. പഠിപ്പിക്കാൻ നോക്കിയിട്ടുള്ളവർക്കൊക്കെ ഇതറിയാം. കുട്ടികളുടെ ശ്രദ്ധ ഒരു കാര്യത്തിൽ ഉറച്ചുനിൽക്കില്ലെന്നതാണു പ്രധാന പ്രശ്നം. ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണു ചൈനാക്കാരിയായ ഷാങ് എന്ന വീട്ടമ്മ.
ഒമ്പതു വയസുകാരനായ മകൻ ഗൃഹപാഠം ചെയ്യുന്നതു തൽസമയം സാമൂഹികമാധ്യമത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ടാണു പഠനത്തിനുള്ള മകന്റെ ശ്രദ്ധ വർധിപ്പിക്കാൻ ഷാങ് ശ്രമം നടത്തിയത്.
ഇതു ഫലം കണ്ടെന്ന് ഇവർ പറയുന്നു. താൻ ചെയ്യുന്നത് അപരിചിതർ കാണുന്നുണ്ടെന്നു ബോധ്യമായതോടെ മകന്റെ ശ്രദ്ധ കൂടിയെന്നും സാധാരണ ഗൃഹപാഠം ചെയ്യുന്നതിനേക്കാൾ മൂന്നു മടങ്ങ് വേഗതയിൽ ഇപ്പോള്‍ ഗൃഹപാഠം ചെയ്തുതീർക്കുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്.
പഠനത്തിനിടയിൽ പേനയും പെൻസിലും മറ്റും ഉപയോഗിച്ചു കളിക്കുന്ന ശീലവും മകൻ നിർത്തിയത്രെ. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണു ഷാങിന്റെ താമസം. സാമൂഹിക മാധ്യമത്തിലൂടെ ഇവർ തന്റെ അനുഭവം പങ്കുവച്ചതോടെ ഈ മാർഗം പരീക്ഷിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് നിരവധിപ്പേർ രംഗത്തെത്തി.