കോന്നി: ശത്രു രാജ്യത്തിന്റെ പേരില്‍ ഒരു ജംഗ്ഷന് ഇനി കോന്നിയില്‍ വേണ്ടെന്ന് പഞ്ചായത്ത്. പഞ്ചായത്ത് കമ്മിറ്റിയില്‍ ഇതു പ്രമേയമായി വരികയാണ്. കോന്നിയിലെ ചൈനാമുക്ക് എന്ന ജംഗ്ഷന്റെ പേരു മാറ്റണമെന്നാണ് ആവശ്യം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ തന്നെയാണ് പ്രമേയം കൊണ്ടുവരുന്നത്. 29നു ചേരുന്ന പഞ്ചായത്ത് കമ്മിറ്റി പ്രമേയം പരിഗണിക്കും. പേരുമാറ്റം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കു കത്തു നല്‍കിയതായും പ്രവീണ്‍ പറഞ്ഞു.
സ്ഥലത്തിന്റെ പേരുമാറ്റാന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമില്ലെങ്കിലും പ്രമേയം പാസാക്കി സംസ്ഥാന സര്‍ക്കാരിനു നല്‍കാനാകും. അല്ലെങ്കില്‍ നാട്ടുകാര്‍ ഒന്നടങ്കം നാടിന്റെ വിളിപ്പേര് മാറ്റിവിളിച്ചാലും കുഴപ്പമില്ല.
അപ്പോഴും രേഖകളിലെ ഈ പേരു മാറാനുള്ള ബുദ്ധിമുട്ട് തുടരുമെന്ന് നാട്ടുകാര്‍ക്കറിയാം. എന്തായാലും സമീപകാലത്ത് അതിര്‍ത്തിയിലുണ്ടായ വിഷയങ്ങളാണ് കോന്നിക്കാരെ പേരുമാറ്റത്തിനു പ്രേരിപ്പിച്ചത്.
കോന്നിയില്‍ നിന്നും പുനലൂര്‍ക്ക് പോകുമ്പോള്‍ കോന്നി മാര്‍ക്കറ്റ് ജംഗ്ഷന് കഴിഞ്ഞാല്‍ അടുത്തത് ചൈനാമുക്കാണ്.