ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ ചെറുക്കാൻ ലോകരാജ്യങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റുന്പോൾ വേറിട്ട നീക്കവുമായി വീണ്ടും ചൈന. ഒരു കോവിഡ് പ്രതിരോധ നഗരംതന്നെ രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് ഇവർ.
കോവിഡിനെ ചൈനാവൈറസ് എന്നു വിളിച്ചു ലോകരാജ്യങ്ങൾ കുറ്റപ്പെടുത്തുന്നതിനിടയിലാണ് പുതിയൊരു നീക്കവുമായി ചൈന മുന്നോട്ടുപോകുന്നത്. കോവിഡ് ഭീഷണി ഉടനെങ്ങും അവസാനിക്കില്ലെന്ന സൂചനയാണോ ഇതു നൽകുന്നതെന്നു കരുതുന്നവരുമുണ്ട്.
വൈറസ് പൊട്ടിപ്പുറപ്പെട്ടെന്നു കരുതുന്ന ചൈനയുടെ നീക്കം ആകാംക്ഷയോടെയാണ് ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. ഭാവിയിലും കോവിഡ് 19 പോലുള്ള മഹാമാരികളെ ചെറുക്കാൻ കഴിയുന്ന പ്രത്യേക സിറ്റി തന്നെ നിർമിക്കുകയാണ് അവർ.
ബീജിംഗിന് സമീപമാണ് ഈ അത്യാധുനിക നഗരം ഒരുങ്ങുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന മാരകമായ പല ആക്രമണങ്ങളെയും പ്രതിരോധിക്കാൻ തക്കവിധത്തിലായിരിക്കും നഗരത്തിന്റെ നിർമാണം.
അടച്ചുപൂട്ടൽ ഇല്ല
കോവിഡ് പോലുള്ള വൈറസ് വ്യാപനം ഇനിയും ഉണ്ടായാൽ വീട് അടച്ചുപൂട്ടി ഇരിക്കേണ്ട അവസ്ഥ ഈ പ്രത്യേക നഗരത്തിൽ ഉണ്ടാവില്ല.
കാരണം ലോക്ക്ഡൗൺ സമയത്തെ നിയന്ത്രണങ്ങൾക്കനുസരിച്ചു താമസിക്കാവുന്ന ശൈലിയിയിലുള്ള പ്രത്യേക അപ്പാർട്ട്മെന്റുകളാണ് പുതിയ കോവിഡ് പ്രൂഫ് സിറ്റിയിൽ ചൈന നിർമിക്കാൻ ഉദ്ദേശിക്കുന്നത്. സിയോങ്ഗാനിൽ പ്രവർത്തിക്കുന്ന ആർക്കിടെക്റ്റുകൾ ഇതിനായുള്ള രൂപകല്പന തയാറാക്കിക്കഴിഞ്ഞു.
ഡ്രോണുകൾ വഴി
സിറ്റിയിൽ നിർമിക്കുന്ന ഓരോ ഫ്ലാറ്റിലും വിശാലമായ വലിയ ബാൽക്കണിയും അതോടൊപ്പം സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രത്യേക സ്ഥലങ്ങളുമുണ്ടാകും.
പച്ചക്കറിത്തോട്ടങ്ങൾ, ഹരിതഗൃഹങ്ങൾ, സൗരോർജം എന്നിവയടങ്ങിയ താമസ സ്ഥലങ്ങൾ ആണെന്നതുകൊണ്ടുതന്നെ കൂടുതൽ കാലം സ്വയംപര്യാപ്തരായി കഴിയാൻ ഇതു സഹായിക്കും.ക്വാറന്റൈൻ സമയത്തു സാധനങ്ങൾ എത്തിക്കാനായി ഡ്രോണുകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ടെറസുകളും ബാൽക്കണികളും ഉണ്ടാകും.
വലിയ ജനാലകളും വിശാലമായ ഇരിപ്പിടങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. അതായത് അവശ്യസാധനങ്ങളും മരുന്നുകളുമൊക്കെ ഡ്രോണിൽ വീട്ടുവാതിൽക്കൽ എത്തും.
ചില പ്രദേശങ്ങളിൽ കാറുകൾ അനുവദിക്കുമെങ്കിലും പല തെരുവുകളും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മാത്രമായിരിക്കും. വ്യക്തിഗത വാഹനങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ ആളുകളെ സഹായിക്കുന്നതിനു പൊതുഗതാഗതവും ഇലക്ട്രിക് ടാക്സികളും ഉണ്ടായിരിക്കും.
പ്രത്യേക പ്രാദേശിക ആപ്ലിക്കേഷനുകളിലൂടെ ലോക്ക്ഡൗണുകളെക്കുറിച്ചും മറ്റ് ആരോഗ്യ വിവരങ്ങളെക്കുറിച്ചും താമസ സ്ഥലത്തുള്ളവക്കു മുന്നറിയിപ്പുകൾ അയയ്ക്കും.
ചുരുക്കത്തിൽ കോവിഡ്19ന് അനുസരിച്ചു ജീവിക്കാനുള്ള സാഹചര്യമാണ് ഈ നഗരത്തിൽ ഉണ്ടാവുക. റസ്റ്ററന്റുകൾ, കടകൾ എന്നിവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കാനാവശ്യമായ രീതിയിലാണ് നിർമാണം.
പുതിയ ജീവിതരീതി
കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഒരു പുതിയ ജീവിതരീതി എന്നു പ്രസിഡന്റ് ഷി ജിൻപിംഗ് വിശേഷിപ്പിച്ച പദ്ധതി രൂപകല്പന ചെയ്യാനായി ബാഴ്സലോണ ആസ്ഥാനമായുള്ള ഗ്വല്ലാർട്ട് ആർക്കിടെക്റ്റ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഗ്വല്ലാർട്ട് ആർക്കിടെക്റ്റിലെ ജീവനക്കാർ സ്പെയിനിൽ ലോക്ക് ഡൗണിലിരിക്കുന്പോഴാണ് ഇതിന്റെ രൂപകല്പന നടന്നതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് സൃഷ്ടിച്ച പുതിയ ജീവിത രീതി എല്ലാ മേഖലയിലും പ്രകടമാവുകയാണ് അതുകാണ്ടുതന്നെ നഗരങ്ങളും കെട്ടിടങ്ങളും രൂപകല്പന ചെയ്യുന്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നു ഗ്വല്ലാർട്ട് ആർക്കിടെക്റ്റ്സ് സ്ഥാപകൻ വിസെന്റ് ഗ്വല്ലാർട്ട് പറഞ്ഞു.
മാറുന്ന ലോകം
ലോകമെമ്പാടുമുള്ള നഗരങ്ങളിൽ പുതിയ ജീവിത രീതികൾ രൂപപ്പെട്ടു. ഇതോടെ ആരോഗ്യം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ രീതികളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്താനും തുടങ്ങി.
ചൈനയിൽ ടെക് ഭീമനായ ടെൻസെന്റും ആളുകൾക്കും പ്രകൃതിക്കും ഒരുപോലെ പ്രാമുഖ്യം നൽകുന്ന “സ്മാർട്ട് സിറ്റി” പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസിന് ശേഷം ഇതു പ്രത്യേകിച്ചും പ്രസക്തമാണ്.
ബീജിംഗിൽനിന്ന് 80 മൈൽ തെക്കുപടിഞ്ഞാറായി ഒരു നഗര നവീകരണ മേഖലയായി സിയോങ്ഗാനെ രൂപപ്പെടുത്താനുള്ള പദ്ധതികൾ പ്രസിഡന്റ് ഷി ജിൻ പിംഗ് 2017ൽ അവതരിപ്പിച്ചിരുന്നു.
വരുന്നത് വലിയ മാറ്റം
വീടുകളിൽ ടെലി-വർക്ക്, ടെലി-വിദ്യാഭ്യാസം എന്നിവ അനുവദിക്കുകയാണെങ്കിൽ ഭാവിയിലെ പ്രതിസന്ധികൾ നേരിടാൻ കൂടുതൽ തയാറെടുപ്പുകൾ നടത്താൻ കഴിയുമെന്നു ബാഴ്സലോണ നഗരത്തിന്റെ മുഖ്യ ആർക്കിടെക്റ്റായിരുന്ന ഗ്വല്ലാർട്ട് പറഞ്ഞു.
മുൻകാലത്ത് പകർച്ചവ്യാധികൾ ഉണ്ടായത് നഗര ആസൂത്രണത്തിലും നഗര അടിസ്ഥാന സൗകര്യവികസനത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. മലിനജല സംവിധാനങ്ങൾ, പൊതുഗതാഗതം, ഭവന നിയന്ത്രണങ്ങൾ എന്നിവയിൽ ഭാവിയിലെ പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടറിഞ്ഞ് അതിനുള്ള തയാറെടുപ്പുകൾ നടത്താൻ സഹായകമായി.
ഇത്തവണ ഇതു പകർച്ചവ്യാധി ഭയന്നു പ്രത്യേക പ്രദേശങ്ങൾ തന്നെ രൂപപ്പെടുത്തുന്നതിന് കാരണമായേക്കാം – ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ നഗര, പരിസ്ഥിതി ആസൂത്രണത്തിലെ മുതിർന്ന ലക്ചറർ ടോണി മാത്യൂസ് പറഞ്ഞു.