ഒളിന്പിക് സ്വർണ ജേതാവായ വനിതാ ബാഡ്മിന്റണ്‍ സിംഗിൾസ് താരം കരോളിന മാരിൻ ചൈന ഓപ്പണ്‍ കിരീടം സ്വന്തമാക്കി. കരിയറിനുപോലും ഭീഷണിയായ പരിക്കിനെത്തുടർന്ന് എട്ട് മാസം നീണ്ട വിശ്രമത്തിനുശേഷമാണ് സ്പാനിഷ് താരം കോർട്ടിൽ തിരിച്ചെത്തിയത്. മടങ്ങിവരവ് ചൈന ഓപ്പണ്‍ നിലനിർത്തിക്കൊണ് മാരിൻ ആഘോഷിച്ചു.
ഫൈനലിൽ തായ്വാന്റെ തായി സു യിംഗിനെ കീഴടക്കിയാണ് മാരിൻ ജേതാവായത്. കഴിഞ്ഞ ആറ് തവണ തായ്വാൻ താരത്തെ നേരിട്ടപ്പോഴും മാരിൻ പരാജയപ്പെട്ടിരുന്നു. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് നീണ്ട പോരാട്ടത്തിൽ 14-21, 21-17, 21-18നായിരുന്നു മാരിന്റെ ജയം.
ആനന്ദാശ്രുപൊഴിച്ചാണ് മാരിൻ കോർട്ട് വിട്ടത്. ജനുവരിയിൽ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഫൈനലിനിടെയായിരുന്നു മാരിന്റെ കാലിനു പരിക്കേറ്റത്.
പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ താരമായ കെന്റോ മൊമോട്ട ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയെ കീഴടക്കി കിരീടം സ്വന്തമാക്കി.