ഹോങ്കോങിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നമാക്കുന്ന വിവാദ നിയമം ആരുമറിയാതെ പാസാക്കി ചൈന. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലായാല്‍ അത് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേല്‍ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാന്‍ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പില്‍ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ഹോങ്കോങില്‍ നിലവില്‍ നടന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള വഴികള്‍ ആലോചിക്കുന്ന ചൈനയുടെ കുറുക്കുവഴിയായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്.
ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി, മൂന്നു ദിവസത്തെ ചര്‍ച്ചക്കൊടുവില്‍ ചൊവ്വാഴ്ചയാണ് പുതിയ ബില്‍ ഐകകണ്ഠ്യേന പാസാക്കിയത്. ഈ ബില്ലിന്റെ കരട് രേഖ ഇതുവരെ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയിട്ടില്ല. ഏറെ രഹസ്യമായിട്ടാണ് ചര്‍ച്ചകളും നടത്തപ്പെട്ടത്.
ഈ നിയമത്തിന്റെ സഹായത്തോടെ വിമതസ്വരങ്ങളെ പാടെ അടിച്ചമര്‍ത്തി ഹോങ്കോങ്ങിനെ 1997ലെ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്.
1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997 ജൂലൈ 1 -നാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്. ‘ഹോങ്കോങ് ബേസിക് നിയമ’ത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാകും എന്ന പരസ്പര ധാരണയാണ് ചൈനയുടെ പുതിയ നിയമത്തോടെ തെറ്റുന്നത്.
ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായികസംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തിപ്പോരുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം ചൈനയുടെ ഭാഗത്തുനിന്ന് പുതിയ നിയന്ത്രണശ്രമങ്ങള്‍ ഉണ്ടാകുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഹോങ്കോങ് ജനതയില്‍ നിന്ന് ഉണ്ടായത്.
ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനീസ് ഭരണത്തിന് കീഴിലേക്ക് തിരിച്ചേല്പിക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനം തൊട്ട് ബില്‍ നിയമമായി നിലവില്‍ വരുമെന്ന് കരുതപ്പെടുന്നു. ഈ വാര്‍ഷിക ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു തീരുമാനം വന്നത് ഏറെ പ്രതീകാത്മകമായ ഒരു നടപടിയായിട്ടാണ് പലരും കാണുന്നത്.
ബില്ലിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പാണ് ഹോങ്കോങിലെ ജനങ്ങള്‍ ആദ്യമായ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുന്നത്. ചൈനയുടെ നിയന്ത്രണത്തില്‍ വരിക എന്നുവെച്ചാല്‍ ഹോങ്കോങില്‍ ജനാധിപത്യയുഗം അവസാനിക്കുക എന്നാണ് അര്‍ത്ഥമെന്നും അതിനേക്കാള്‍ ഭേദം തങ്ങള്‍ മരിക്കുന്നതാണ് എന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ഹോങ്കോങിലെ ആബാലവൃദ്ധം ജനങ്ങളും ചൈനയ്ക്കെതിരെ തെരുവിലേക്കിറങ്ങിയത്. അതിനെ അടിച്ചമര്‍ത്താന്‍ ചൈന തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്തു പ്രയോഗിക്കുന്നതും ലോകം കഴിഞ്ഞ ഒരു വര്‍ഷമായി കാണുന്നുണ്ട്.
ഹോങ്കോങ് ജനതയോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് ഈ ബില്‍ ചൈന പാസാക്കിയത് എന്നതു തന്നെ ചൈനയുടെ ഗൂഢോദ്ദേശ്യം വ്യക്തമാക്കുന്നു.
കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ഹോങ്കോങിലെ പ്രതിഷേധങ്ങളുടെ ശക്തി ഒന്നു കുറഞ്ഞു. ഇതു മുതലാക്കിയാണ് ചൈന കുടില തന്ത്രം പ്രയോഗിച്ചത്.
ഇങ്ങനെയൊരു നീക്കം വളരെ ഖേദജനകമാണ് എന്നായിരുന്നു ജപ്പാന്റെ പ്രതികരണം. ഈ ബില്ല് തങ്ങളെ ഏറെ നിരാശപ്പെടുത്തുന്ന ഒന്നാണ് എന്ന് തായ്വാനും അറിയിച്ചു. അമേരിക്കയില്‍ നിന്നും, യുകെയില്‍ നിന്നും ഒക്കെയുള്ള പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്.
ഇനിയങ്ങോട്ട് ഹോങ്കോങിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഭരിക്കാനുള്ള ചൈനയുടെ ലക്ഷ്യമാണ് ഈ ബില്ലില്‍ തെളിഞ്ഞിരിക്കുന്നത് എന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി, ജോഷ്വാ റോസെന്‍സ്വീഗ് പറഞ്ഞു.
ചൈനയുടെ ഹോങ്കോങ് വിരുദ്ധ ബില്‍ പാസ്സായി എന്ന വിവരം പുറത്തു വന്നപാടേ, താന്‍ ‘ഡെമോസിസ്റ്റോ’ എന്ന പ്രൊ-ഡെമോക്രസി ഗ്രൂപ്പിന്റെ നേതൃസ്ഥാനം രാജിവെക്കുന്നു എന്നും, ഇനിയുള്ള പോരാട്ടങ്ങള്‍ വ്യക്തിപരമായി മാത്രം എന്നും പ്രസ്താവിച്ചു കൊണ്ട് ജോഷ്വാ വോങ് എന്ന ജനാധിപത്യസമരസമിതി നേതാവ് രംഗത്തുവന്നു.
ലോകം ഇന്നുവരെ കണ്ടു ശീലിച്ചിരുന്ന ഹോങ്കോങ്ങിന്റെ ശവപ്പെട്ടിയില്‍ ചൈന അടിച്ച അവസാനത്തെ ആണിയാണ് ഈ ബില്ല് എന്നും, ഇനിയങ്ങോട്ട് ഭീതിയില്‍ മുങ്ങിയുള്ള ഒരു ജീവിതമാണ് ഹോങ്കോങുകാരെ കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇനി ഹോങ്കോങ് ചൈനീസ് പോലീസ് വാഴ്ചയുടെ നേരിട്ടുള്ള ഇരയാകാന്‍ പോവുകയാണ് എന്നും വോങ് പറഞ്ഞു. വോങിന് പിന്നാലെ ഡെമോസിസ്റ്റോയുടെ മുന്നണിപ്പോരാളികളായിരുന്ന നഥാന്‍ ലോ, ജിഫ്രി ങ്ങോ, ആഗ്‌നസ് ചൗ എന്നിവരും തങ്ങളുടെ രാജിപ്രഖ്യാപനങ്ങള്‍ നടത്തി. പ്രധാനനേതാക്കള്‍ എല്ലാവരും രാജിവെച്ചതോടെ ഈ ജനകീയ കൂട്ടായ്മ പിരിച്ചുവിടുകയാണ് എന്ന് ഡെമോസിസ്റ്റോ ട്വീറ്റിലൂടെ അറിയിച്ചു.
ചൈനീസ് ഗവണ്മെന്റിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ഗ്ലോബല്‍ ടൈംസ് ആണ് ബില്‍ പാസ്സായ വിവരം ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്. ബില്ലിന്റെ വിശദാംശങ്ങള്‍ ഉടനടി പുറത്തുവിടും എന്നും അറിയിച്ചിട്ടുണ്ട്.
സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിങ് തുടങ്ങി വെറും പതിനഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കമ്മിറ്റിയിലെ 162 അംഗങ്ങളും ഒറ്റക്കെട്ടായി ഈ ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു എന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൈന പാസ്സാക്കിയ പുതിയ നിയമം ഹോങ്കോങില്‍ രാഷ്ട്രീയ സ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരുമെന്നും അത് കിഴക്കിന്റെ മുത്തായ ഹോങ്കോങിനെ ഇരട്ടി ശോഭയോടെ തിളങ്ങാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ അംഗീകൃത ടെലിവിഷനായ സിസിടിവിയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്തായാലും കോവിഡ് ബാധയേക്കാള്‍ ഹോങ്കോങ് ജനതയെ ഉലയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നു തീര്‍ച്ചയാണ്.