കൊല്ലം: രാജ്യത്തെ 64 ശതമാനം വരുന്ന കൗമാര-യുവജന ശക്തിയെ പ്രയോജനപ്പെടുത്തിയാൽ സമീപഭാവിയിൽ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാൻ കഴിയുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ജാതിമത വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിന് പകരം തൊഴിലസവസരങ്ങൾ ഉണ്ടാക്കി യുവജനതയെ കർമോത്മുഖരാക്കി നവഭാരതം കെട്ടിപ്പടുക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.
കുട്ടികളെ അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കാൻ അനുവദിക്കണമെന്നും രക്ഷിതാക്കളെ എംപി ഉപദേശിച്ചു. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിയിലെ മെരിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറി പ്രസിഡന്റ് എ.അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.യുവ ശാസ്ത്രജ്ഞൻ അജിത് നൈസാമിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ബാലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം വിതരണം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി.മുരളീകൃഷ്ണൻ, പഞ്ചായത്ത് മെന്പർമാരായ ലാലാ ആറാട്ടുവിള, എം.എം.ഷൈലജ, സ്ഥാപക പ്രസിഡന്റ് പി.എ.എ.സലാം, വൈസ് പ്രസിഡന്റ് ഫിറോസ് ഷാ സമദ്, മുൻ പ്രസിഡന്റ് കെ.ഇബ്രാഹിംകുട്ടി, മുൻ സെക്രട്ടറി എസ്.അബ്ദുൾ ഖരിം, പി.ഷിജാർ, കെ.സുഹർബാൻ, ഫസ്നാ ഫസിൽ തുടങ്ങിയവർ പ്രസംഗിച്ചു.