ചൈനയിൽ നിന്നുള്ള ലിസി എന്ന യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാ സ്ത്രീകൾക്കും ഇവൾ മാതൃകയാണെന്നാണ് പലരും ഇന്ന് ലിസിയെ കുറിച്ച് പറയുന്നത്. അത്യാഡംബരമായ ലിസിയുടെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്.
തനിക്കിന്ന് 34 കോടിയുടെ ആസ്തിയുണ്ട്. തന്റെ കഠിനാധ്വാനത്തിലൂടെ ലഭിച്ചതാണിതൊക്കെ എന്നാണ് അവൾ പറഞ്ഞത്. 14-ാമത്തെ വയസിലാണ് ലിസി ആദ്യമായി ജോലി ചെയ്യുന്നത്. അത് സമീപത്തെ ഒരു ഫാക്ടറിയിലായിരുന്നു. പിന്നീട് ഒരു ബ്യൂട്ടി സലൂൺ തുറന്നു.
ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും അതിന് ബ്രാഞ്ചുകളുണ്ട്. ഷെൻഷെനിൽ ഒരു ഫ്ലാറ്റ്, ഒരു ഹോളിഡേ വില്ല, ഒരു ഫെരാരി, 9.99 ദശലക്ഷം യുവാൻ (1.4 ദശലക്ഷം യുഎസ് ഡോളർ) പണം എന്നിവയാണ് അവൾ തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്.
ഇതെല്ലാമാണ് അവൾക്കുള്ള സ്ത്രീധനം എന്നും എല്ലാം അവൾ തനിച്ച് സമ്പാദിച്ചതാണ് എന്നുമാണ് പറയുന്നത്. ഇതിന്റെ ലിസ്റ്റും പിടിച്ചുനിൽക്കുന്ന ബ്രൈഡ്സ്മെയ്ഡുകളെയും വിവാഹവീഡിയോയിൽ കാണാമായിരുന്നു എന്നും ചൈനയിലെ മാധ്യമങ്ങൾ പറയുന്നു. വിവാഹത്തിൽ പങ്കെടുത്ത ഒരു അതിഥി ലിസിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞത് ‘ചൈന കണ്ട ഏറ്റവും ആഡംബരപൂർണമായ വിവാഹം’ എന്നാണ്.
ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് 2023 -ൽ താൻ തന്റെ പങ്കാളിയെ കണ്ടെത്തിയത് എന്നും ആളുടെ കൂടെ താൻ വളരെ ഹാപ്പിയാണ് എന്നും ലിസ് വ്യക്തമാക്കി. എന്തായാലും, നിരവധി സ്ത്രീകളാണ് ലിസിയുടെ കഥയിൽ പ്രചോദിതരായിരിക്കുന്നത്.