പണി പലതു പയറ്റിയിട്ടും സർക്കാർഏജൻസികളിൽനിന്നെടുത്ത വായ്പത്തുക തിരിച്ചടിക്കാതെ വിലസി നടക്കുന്നവർക്ക് ഉഗ്രൻ പണികൊടുത്തു ചൈനീസ് അധികൃതർ. തിയറ്ററുകളിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടെ പണം അടയ്ക്കാത്തവരുടെ ചിത്രം പ്രദർശിപ്പിച്ചാണ് അധികൃതർ ’കണക്കുതീർക്കുന്നത്’. ആളിന്റെ ഫോട്ടോയോടൊപ്പം കക്ഷി അടയ്ക്കാനുള്ള തുകയും തിയറ്ററിൽ പ്രദർശിപ്പിക്കും.
ജപ്തി നോട്ടീസ്, മറ്റു നിയമനടപടി അങ്ങനെ പല വഴികളും പയറ്റിയിട്ടും വായ്പയെടുത്തവർ കടം വീട്ടാതെ വന്നതോടെയാണ് ഇങ്ങനെയൊരു പോംവഴി കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ചൈനയിലെ ഹിജാംഗിലുള്ള പ്രാദേശിക കോടതികളാണ് ഇത്തരമൊരു നടപടിക്ക് ഉത്തരവിട്ടത്.
ആളുകളെല്ലാം പകൽമാന്യന്മാരായതിനാൽ സംഗതി വിജയം കാണുന്നുണ്ടെന്നും പണം തിരിച്ചടയ്ക്കാനുള്ള പലരും നാണക്കേടു ഭയന്നു പണം തിരിച്ചടച്ചെന്നും ഹിജാംഗിലെ ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് ലി ക്വിവാംഗ് പറഞ്ഞു.