അത്ഭുതപ്പെടുത്തുന്നതും അതിസാഹസികവുമായ നിരവധി സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. അതുപോലെയൊന്നാണ് ലോകത്തെ സുപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ചൈനയിലെ ഷാന്‍സി. 1974 ല്‍ ഈ പ്രദേശത്ത് ഖനനം ചെയ്യുമ്പോള്‍ യാദൃച്ഛികമായി കണ്ടെത്തിയ പ്രതിമകളാണ് ഷാന്‍സിയുടെ തലവരതന്നെ മാറ്റിയത്. പിന്നീട് നടത്തിയ പഠനങ്ങളില്‍ നിന്നാണ് ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ക്വിന്‍ ഷി ഹുവാങിന്റെ കീഴിലുണ്ടായിരുന്ന സൈന്യത്തെ പ്രതിനിധീകരിക്കുന്നതാണ് ടെറാക്കോട്ട കൊണ്ടു നിര്‍മിച്ച ഈ പ്രതിമകള്‍ എന്നറിയുന്നത്. 210 – 209 ബിസിയില്‍ മരണമടഞ്ഞ ചക്രവര്‍ത്തിയുടെ മരണാന്തര ജീവിതത്തിന് കാവല്‍നില്‍ക്കുന്നതിനാണ് ഈ ടെറാക്കോട്ട പ്രതിമകള്‍ ശവകുടീരത്തിനൊപ്പം അടക്കം ചെയ്തത്. മരണാന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന രാജാക്കന്മാര്‍ തങ്ങളുടെ മരണശേഷം രാജ്യത്തിന്റെ ചെറുപതിപ്പുതന്നെ ശവക്കല്ലറകള്‍ക്കൊപ്പം കുഴിച്ചുമൂടാന്‍ നിര്‍ദേശിച്ചിരുന്നു.
8,000 സൈനികര്‍, 130 രഥങ്ങള്‍, 520 കുതിരകള്‍, 150 കാലാളുകള്‍ എന്നിവയടങ്ങുന്നതാണ് ക്വിന്‍ ഷി ഹുവാങിന്റെ പ്രതിമസൈന്യം. കലാകാരന്മാരുടെയും, ഭരണമേധാവികളുടേയുമൊക്കെ പ്രതിമകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രതിമകള്‍ക്കും തനതായ വ്യക്തിത്വം കൊടുത്തുകൊണ്ടാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്. അന്നത്തെ പ്രാദേശിക നിര്‍മാണവിദഗ്ധരാണ് ഈ പ്രതിമകള്‍ മെനഞ്ഞെടുത്തത്. ശിരസ്സും ഉടലും കാലുകളുമെല്ലാം വെവ്വേറെ മെനഞ്ഞെടുത്ത് കല്ലറയില്‍വച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കാലാളുകളില്‍ തുടങ്ങി സൈന്യാധിപനിലെത്തുമ്പോള്‍ പ്രതിമയുടെ ആകാരവും പ്രൗഢിയും വര്‍ധിക്കും.
ഗ്രീക്ക് ശില്പകലയുടെ സ്വാധീനം ഓരോ നിര്‍മിതികളിലും കാണാം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ റാംഡ് എര്‍ത്ത് ശൈലിയിലാണ് ശവക്കല്ലറ നിര്‍മിച്ചത്. ഇത് നിര്‍മാണമേഖലയിലുള്ള മികവിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. 98 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ പ്രതിമസൈന്യത്തിനുള്ളത്. പ്രവേശനകവാടങ്ങള്‍, ഓഫീസുകള്‍, പാര്‍ക്കുകള്‍ തുടങ്ങി സാമ്രാജ്യത്തിന്റെ ഒരു ചെറുപതിപ്പുതന്നെ ഇവിടെ മെനഞ്ഞെടുത്തിരിക്കുന്നു. ശവകുടീരത്തിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണവും വെള്ളിയും പൂശിയിരിക്കുന്നു. മെര്‍ക്കുറി കൊണ്ട് തീര്‍ത്ത നദികളുടെ മാതൃകകളുമുണ്ട്. ഇനിയും പൂര്‍ണ്ണമായി ഖനനം ചെയ്‌തെടുക്കാത്ത പ്രതിമകളും ഖനന പ്രദേശത്ത് കാണാന്‍ സാധിക്കും.