ഈ ജപ്പാൻ റെയിൽവേ കമ്പനിക്കിതെന്തുപറ്റി! നിശ്ചയിച്ചതിലും നേരത്തേ ട്രെയിനുകൾ സ്റ്റേഷൻ വിടുന്നു, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കേണ്ടിവരുന്നു. വർഷങ്ങൾ നീണ്ട സർവീസ് പാരന്പര്യമുള്ള ജപ്പാൻ റെയിൽവേ കമ്പനിക്ക് ഇതു രണ്ടാം തവണയാണ് ട്രെയിൻ നേരത്തേ സ്റ്റേഷൻ വിട്ടതിനെത്തുടർന്ന് യാത്രക്കാരോട് ക്ഷമ ചോദിക്കേണ്ടിവന്നത്.
വെള്ളിയാഴ്ച നോട്ടോഗോവ സ്റ്റേഷനിൽനിന്ന് രാവിലെ 7.12നു പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 25 സെക്കൻഡ് നേരത്തെ 7.11.35നു പുറപ്പെട്ടതാണ് റെയിൽവേ കമ്പനിയെ കുഴപ്പത്തിലാക്കിയത്. ഡ്രൈവർക്ക് സമയത്തിന്റെ കാര്യത്തിലുണ്ടായ വീഴ്ചയാണ് ഈ പിഴവിനു കാരണം.
ഈ ട്രെയിനിൽ സഞ്ചരിക്കാനായി യാത്രക്കാരെ സ്റ്റേഷനിൽ കണ്ടില്ലെന്നും ഡ്രൈവർ പറയുന്നുണ്ട്. ഒരു യാത്രക്കാരന് ഈ ട്രെയിൻ കിട്ടാതെവന്നതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഭവം പുറംലോകമറിഞ്ഞത്. പരാതി നല്‍കിയതിനെത്തുടർന്ന് റെയിൽവേ നടപടിയെടുത്തു; പിന്നാന്നാലെ ക്ഷമാപണവും നടത്തി.
“”യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ഇനി ഇത്തരത്തിലൊരു പിഴവുണ്ടാകാതെ ശ്രദ്ധിക്കുന്നതാണ്”: വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൃത്യനിഷ്ഠയോടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് ജപ്പാന്റെ മുഖമുദ്ര. കഴിഞ്ഞ നവംബറിൽ ചരിത്രത്തിലാദ്യമായി ട്രെയിൻ സമയനിഷ്ഠ തെറ്റിച്ചു. അന്ന് 20 സെക്കൻഡ് നേരത്തെയായിരുന്നു ട്രെയിൻ സ്റ്റേഷൻ വിട്ടത്.