നമ്മുടെ നാട്ടില്‍ ഒരാള്‍ പട്ടിയെ കടയില്‍ നിന്ന് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയാല്‍ വളര്‍ത്താനാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ചൈനയില്‍ ഇങ്ങനെ വാങ്ങിക്കൊണ്ടു പോവുന്ന പട്ടികള്‍ അവസാനിക്കുന്നത് പലപ്പോഴും വീട്ടുകാരുടെ തീന്മേശയില് ആയിരിക്കും. പട്ടി എന്നല്ല മുതല,പാമ്പ്,കീരി, ഈനാംപേച്ചി, അണ്ണാന്,പുഴു എന്നിങ്ങനെ തിരിഞ്ഞു കടിക്കാത്ത എന്തിനെയും തിന്നുന്ന ചൈനക്കാരുടെ ആഹാരശീലങ്ങള്‍ മാറുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കൊറോണ വൈറസ് വന്നത് വന്യജീവികളില്‍ നിന്നാണെന്ന നിഗമനമാണ് ഇതിനാധാരം. ഇതോടെ വന്യമൃഗങ്ങളെ പിടിക്കുകയോ വില്ക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചിരിക്കയാണ്. ഇതിനായി നടത്തിയ കര്‍ശന പരിശോധനയില്‍ ഒറ്റദിവസം കൊണ്ട് നാല്‍പ്പതിനായിരം വന്യമൃഗങ്ങളെയാണ് പടികൂടിയത്. അതിനിടെ ശക്തമായ വെജിറ്റേറിയന്‍ വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിലവില്‍ ചൈനീസ് ജനസംഖ്യയില്‍ 17 ശതമാനം സസ്യഭുക്കുകള്‍ ആണ്.
പുതിയ ഭീതി മുതലെടുത്ത് വെജിറ്റേറിയന്‍ ക്യാമ്പെയ്ന് ശക്തമാക്കാനാണ് വെജിറ്റേറിയന്‍ സംഘടനകള്‍ ശ്രമം. പൂര്‍ണ്ണ വെജിറ്റേറിയന്‍ ആവൂ ആരോഗ്യം സംരക്ഷിക്കൂ എന്നാണ് ചൈനയില്‍ ഉയരുന്നു പുതിയ ക്യാമ്പെയ്ന്. അതായത് വര്‍ഷങ്ങളായി പിന്തുടരുന്ന ചൈനയുടെ ഭക്ഷണ സംസ്ക്കാരണം ഒരു സുക്ഷ്മ ജീവികാരണം മാറിമറിയുമോയെന്ന ആശങ്കയാണിപ്പോള്‍ ഉയരുന്നത്.
നല്ലവണ്ണം വേവിക്കാത്ത പന്നിമാംസം മുതല്‍ വവ്വാലിറച്ചി വരെയുള്ള ഭക്ഷണങ്ങള്‍ നിരവധി അസുഖങ്ങള്‍ക്കാണ് വഴിവെക്കുക. എന്നാല്‍50 ഡിഗ്രിയില്‍ കൂടതലുള്ള ചൂടില്‍ ഒരു വൈറസും നില്‍ക്കില്ല എന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല സസ്യഭക്ഷണം മാത്രം കഴിക്കുന്നത് വിറ്റാമിന്‍ കുറവ് പോലുള്ള മറ്റ് പല രോഗങ്ങള്‍ക്കും കാരണമാവുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ കൊറോണ ഭീതിക്കുമുന്നില് ഇതൊന്നും ഫലവത്താവുന്നില്ല. വവ്വാലിനെയും പാമ്പിനെയും തിന്നതുകൊണ്ടാണ് കൊറോണപോലുള്ള വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടതെന്ന ഭീതിയും പ്രചാരണവും ആളുകളുടെ മനസ്സുമാറ്റുമെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ചൈനയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് ആളുകളെല്ലാം വെജിറ്റേറിയനായാല്‍ ഭക്ഷ്യ പ്രതിസന്ധിയ്ക്കും അത് വഴിവെക്കുമെന്നാണ് ചില ഗവേഷകരുടെ ആശങ്ക. ചൈനയില്‍ വന്യമൃഗങ്ങളെ വില്‍ക്കുന്നതും ഭക്ഷിക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
ഇതിനായി വീടുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മാര്‍ക്കറ്റുകള്‍ എന്നു വേണ്ട രാജ്യത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന തിരക്കിലാണ് പോലീസുകാര്‍. 700 ഓളം പേര് ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
ചത്തതും അല്ലാത്തതുമായ 40,000ത്തില്‍ അധികം മൃഗങ്ങളെയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ അണ്ണാന്, പന്നി, കീരി എന്നിവയും ഉള്‍പ്പെടും. ‘ആളുകള്‍ വന്യജീവികളെ വാങ്ങാന്‍ ഇഷ്ടപ്പെടുന്നു.
അതിനെ ഭക്ഷിക്കാനും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാനും ഉപയോഗിക്കുന്നു. കാരണം അവ സമ്മാനമായി നല്‍കുന്നത് ആഢ്യത്വത്തിന്റെ ഭാഗമായി കണക്കാക്കുന്നു’ മുതലയുടെയും മാനുകളുടെയും ഇറച്ചി വന്‍ തോതില്‍ ഫ്രീസറില്‍ സൂക്ഷിച്ച് വില്‍ക്കുന്ന ഒരു വ്യാപാരിയുടെ വാക്കുകളാണിത്.
കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ജനുവരിയിലാണ് മത്സ്യമാംസങ്ങള്‍ വില്‍ക്കുന്ന ചന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വവ്വാലുകളില്‍ നിന്ന് ഈനാംപേച്ചികള്‍ വഴിയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വുഹാനിലെ കടല്‍ഭക്ഷ്യ ഇനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ടവര്‍ക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ വവ്വാല്, പാമ്പ്, വെരുക് തുടങ്ങി നിരവധി വന്യജീവികളുടെ വില്പന നടന്നിരുന്നു.
തുടര്‍ന്നാണ് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരത്തില്‍ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം ചന്തകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിടുന്നത്. എന്നാല്‍ ചൈനയില്‍ ആഴത്തില്‍ വേരുറച്ച ഭക്ഷണ സംസ്കാരത്തെ അത്ര പെട്ടെന്ന് തുടച്ചുമാറ്റാനാവില്ലെന്നാണ് ഇപ്പോള്‍ നടന്ന പൊലീസ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്.
‘ഭൂരിപക്ഷം ആളുകളുടെയും കണ്ണില്‍ മൃഗങ്ങള്‍ മനുഷ്യനു വേണ്ടി മാത്രം ജീവിക്കുന്നവയാണ്, അല്ലാതെ അവ മനുഷ്യനൊപ്പം ഭൂമി പങ്കിടുന്നവയല്ല’, ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ജന്തുശാസ്ത്ര ഗവേഷകനായിരുന്ന വാങ് സോങ്ങിന്റെ വാക്കുകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
2003ല്‍ സാര്‍സ് പടര്‍ന്നു പിടിച്ചപ്പോഴും അത് വവ്വാലില്‍ നിന്നാവാമെന്ന വാദം ഉയര്‍ന്നിരുന്നു. ന്യജീവികളെ പിടിക്കുന്നതും ഭക്ഷിക്കുന്നതും താല്‍ക്കാലികമായാണ് നിരോധിച്ചതെങ്കിലും പല ആളുകളും അതൃപ്തരാണ്. വന്യജീവി വില്‍പ്പനയിലൂടെ കിട്ടുന്ന വരുമാനവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.
എന്നാല്‍ മാംസ കയറ്റുമതിയുടെ പേരില്‍ അനധികൃത വന്യജീവി വേട്ട നടക്കുന്നുവെന്നാണ് ആക്റ്റിവിസ്റ്റുകള്‍ പറയുന്നത്. മരുന്നുകളിലും ഭക്ഷണമായും ഉപയോഗിക്കാനാണ് അനധകൃത വേട്ട. അനധികൃത വന്യജീവി വ്യാപാരത്തിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രവും ചൈനയാണെന്നാണ് പരിസ്ഥിതി സംഘങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും.
അനധികൃതമായാണ് വുഹാനിലെ ഹ്വാനന്‍ മാംസമാര്‍ക്കറ്റില്‍ വന്യജീവികളുടെ ഇറച്ചി വില്‍ക്കുന്നത്. മുതല മുതല്‍ കൊവാലയുയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്.
ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാര്‍ക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. ഇവിടെനിന്നു വാങ്ങിയ പാമ്പിറച്ചിയില്‍ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് പടര്‍ന്നതെന്നതെന്നും പഠനങ്ങളുണ്ടായിരുന്നു.
കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് 62 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്. ഇനി കൊറോണ ഭീതിയില്‍ ചൈന വെജിറ്റേറിയനായാല്‍ അത് ലോക ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ട ഒരു സംഭവമായിരിക്കുമെന്നു തീര്‍ച്ച.