വിവാഹ ദിവസം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് സൂക്ഷിച്ചും കണ്ടും ആഘോഷിച്ചില്ലെങ്കിൽ വരുന്നത് മുട്ടൻ പണിയായിരിക്കും. ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ചൈനയിലാണ് സംഭവം.
അതിഥികളുടെ വിവാഹാഘോഷമാണ് ഇവിടെ ദുരന്തമായത്.വധുവിനെയും വരനെയും വിവാഹ വേദിയിലേക്ക് ആനയിച്ചുകൊണ്ട് നടത്തിയ ചടങ്ങിനിടയിൽ സ്പ്രേ ചെയ്ത പാർട്ടി സ്ട്രീമർ ആണ് അപകടത്തിന് കാരണമായത്. സ്ട്രീമറിൽ നിന്നുള്ള സ്പ്രേ ഏറ്റ് യുവതിയുടെ മുഖത്തും കൈകളിലും പൂർണമായും പൊള്ളലേറ്റു.
യുവതിയുടെ പേരോ മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യുവതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞമാസം 23ന് ആയിരുന്നു യുവതിയുടെ വിവാഹം. വിവാഹ ദിവസത്തെ ചിത്രങ്ങളും യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് നാല് ദിവസത്തിന് ശേഷം തനിക്കുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് യുവതി പൊള്ളലേറ്റ മുഖത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹ ആഘോഷങ്ങൾക്കിടെ ഗ്യാസ് ചാർജ്ജ് ചെയ്ത സ്ട്രീമറുകൾ ഉപയോഗിച്ചതിന്റെ ഫലമാണ് തന്റെ രൂപത്തില്‍, പ്രത്യേകിച്ചും മുഖത്തുണ്ടായ മാറ്റമെന്നാണ് വധു വെളിപ്പെടുത്തിയത്.
എന്നാൽ ചൈനയിൽ സമീപവർഷങ്ങളിൽ ജനപ്രിയ വിവാഹ ആചാരമായി സ്ട്രീമറുകളുടെ ഉപയോഗം മാറിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വളരെ ചെലവ് കുറഞ്ഞതും, വൃത്തിയാക്കാൻ എളുപ്പമുള്ളതുമാണ് ഇത്തരം സ്പ്രേ സ്ട്രീമറുകൾ എന്നത് തന്നെയാണ് അവയുടെ ആവശ്യക്കാര്‍ കൂടാന്‍ കാരണവും. എഥനോൾ അല്ലെങ്കിൽ മീഥെയ്ൻ പോലുള്ള ജ്വലിക്കുന്ന ഓർഗാനിക് ലായകങ്ങളിൽ ലയിപ്പിച്ച ഒരു റെസിൻ സംയുക്തം ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യന്റെ തൊലിക്ക് അപകടകരവുമാണ്. സ്പ്രേ ചെയ്യുമ്പോൾ, തീയുമായി സമ്പർക്കം പുലർത്തിയാൽ വളരെ വേഗത്തിൽ തീപിടിക്കുന്ന ഒരു എയറോസോൾ ഇവ സൃഷ്ടിക്കുന്നതാണ്.