ബെയ്ജിംഗ്: ലോകം മുഴുവൻ കോവിഡ് മൂലം ലോക്ഡൗണിൽ ആയിരുന്നപ്പോഴും ചൈനീസ് അധികൃതർ 2,500 പിടികിട്ടാപ്പുള്ളികളെ വിദേശരാജ്യങ്ങളിൽനിന്നു പിടികൂടി നാട്ടിലെത്തിച്ചു.
കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയും സർക്കാരിന്റെ അനുമതിയോടെയുള്ള തട്ടിക്കൊണ്ടുപോകൽ രീതി ഉപയോഗിച്ചുമാണ് ഇവരെ തിരിച്ചു ചൈനയിലെത്തിച്ചതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
2014ൽ ചൈന ആരംഭിച്ച ഫോക്സ് ഹണ്ടും തുടർന്നു 2015ലെ സ്കൈ നെറ്റും വഴി ഇത്തരത്തിൽ 10000ത്തിലേറെപ്പേരെ തിരിച്ചെത്തിച്ചെന്നാണ് മനുഷ്യാവകാശ സംഘടനയായ സേഫ്ഗാർഡ് ഡിഫൻഡേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകളിലുള്ളത്.
മഹാമാരിയുടെ കാലത്ത് അന്താരാഷ്ട്ര തലത്തിൽ ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഉണ്ടായിട്ടും 2020ൽ 1421 പേരെയും 2021ൽ 1114 പേരെയുമാണു പിടികൂടി നാട്ടിലെത്തിച്ചത്.
സാന്പത്തിക കുറ്റകൃത്യങ്ങൾ, ഔദ്യോഗിക ചുമതലകളിൽ വീഴ്ചവരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പിടികിട്ടാപ്പുള്ളികളുടെ മാത്രം കണക്കാണിത്.
വിദേശത്തേക്കു രക്ഷപ്പെടുന്ന പിടികിട്ടാപ്പുള്ളികളെ തിരികെയെത്തിക്കാനായി ‘ഫോക്സ് ഹണ്ട്’, ‘സ്കൈ നെറ്റ്’ തുടങ്ങിയ പദ്ധതികൾ ചൈനയിലുണ്ട്.
ഉയിഗർ വംശജർ, ഹോങ്കോംഗിലെ ജനാധിപത്യവാദികൾ, സർക്കാരിനെ വെല്ലുവിളിക്കുന്ന വിമതർ തുടങ്ങിയവരെ അമർച്ചചെയ്യാനാണ് ഈ പദ്ധതികളെന്ന് ആരോപിക്കപ്പെടുന്നു.