ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ വൈറസ് ബാധിച്ച് മരിച്ചു. കൊറോണ ബാധിച്ചവരെ ആദ്യം ചികിത്സിച്ച ഡോക്ടറാണ് മരിച്ചത്. 62കാരനായ ലിയാങ് വുഡോങാണ് മരിച്ചത്. അതേസമയം ചൈനയിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സർക്കാർ സ്ഥിരീകരിച്ചു. ഇതിൽ 237 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.
ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വൻമതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നിലാൻഡും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യൻ എംബസിയും റദ്ദാക്കി.
ഇതിനിടെ വൈറസ് യൂറോപ്പിലേക്കും പടരുന്നതിന്റെ സൂചന നൽകി ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ ആയിരത്തിലധികം പേർ ചികിത്സയിലാണ്. ഇവർക്കായി പ്രത്യേക ആശുപത്രിയും ചൈനീസ് സർക്കാർ ഒരുക്കുന്നുണ്ട്.
സെൻട്രൽ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങൾ അടച്ചതായി ചൈനീസ് അധികൃതർ പറഞ്ഞു. ആദ്യം റിപ്പോർട്ടുചെയ്ത വുഹാൻ, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാൻജിയാങ്, ഷിജിയാങ്, ലിഷുവാൻ, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളംപേരാണ് ഈ നഗരങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.
ചൈന, ജപ്പാൻ, തായ്ലാൻഡ്, തയ്വാൻ, വിയറ്റ്നാം, സിങ്കപ്പൂർ, ഹോങ്കോങ്, മക്കാവു, ഫിലിപ്പീൻസ്, യുഎസ് എന്നിവിടങ്ങളിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2008ലെ ഒളിന്പിക്സിനു വേദിയായിരുന്ന ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയം ഇന്നലെ അടച്ചു. മിംഗ് രാജവംശത്തിന്റെ ശവകുടീരങ്ങൾ, യിൻഷുൻ പഗോഡ എന്നിവയും അടച്ചിടും.
ചൈനയിലെ വന്മതിലിന്റെ ഏതാനും ഭാഗങ്ങളിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. പ്രതിവർഷം ഒരുകോടി സന്ദർശകരാണ് വന്മതിൽ കാണാൻ എത്തുന്നത്. ചൈനീസ് പുതുവത്സരവേളയിലും ഇവിടെ സന്ദർശകരുടെ തിരക്കു പതിവാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചത് സാന്പത്തിക നഷ്ടത്തിനിടയാക്കും.