ബീജിംങ്: കോവിഡ് 19 വരുതിയിലാക്കി ചൈന. ഇന്നലെ ചൈനയിൽ പുതിയതായി ആർക്കും വൈറസ് സ്ഥിരീകരിച്ചില്ല. അതേസമയം വൈറസ് ബാധിച്ച എട്ടു പേർ ഇന്നലെ മരിച്ചു.
ഇതോടെ ചൈനയിൽ മരിച്ചവരുടെ എണ്ണം 3,245ആയി. അതിനിടെ, ചൈനയിൽ രോഗവ്യാപനം കുറയുന്പോൾ യുറോപ്യൻ രാജ്യങ്ങളടക്കം മറ്റിടങ്ങളിൽ കൂടുകയാണ്.
കഴിഞ്ഞ മാസം ലോകമെന്പാടുമുള്ള കോവിഡ് 19 കേസുകളിൽ 99 ശതമാനവും ചൈനയിലായിരുന്നെങ്കിൽ ഇപ്പോഴത് 45 ശതമാനമാണ്.
ഇറ്റലിയിൽ ഒറ്റദിവസം 475
ഇറ്റലിയെ ഭീതിയിലാഴ്ത്തി കൊറോണ താണ്ഡവം തുടരുന്നു. ഇന്നലെ മാത്രം 475 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 2,978 എന്ന കണക്കിലെത്തി. ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇറ്റലി മരണനിരക്കിൽ ചൈനയെ പിന്നിലാക്കിയേക്കും.
80,894 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച ചൈനയിൽ 3,245 ആളുകൾ മരിച്ചു. എന്നാൽ ഇതിൻറെ പകുതി പോലും ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നിരിക്കെയാണ് ഇറ്റലിയിൽ മരണസംഖ്യ 3,000 കടക്കാൻ ഒരുങ്ങുന്നത്.
4,207 കേസുകളാണ് ഇന്നലെ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 35,713 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ഇറ്റലിയിൽനിന്നു ലഭിക്കുന്ന കണക്കുകൾ.
2,257 പേരാണ് സർക്കാർ കണക്ക് പ്രകാരം കോവിഡ്-19 സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇത് ഇപ്പോൾ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എട്ടു ശതമാനം വരും.
ഫെബ്രുവരി പതിനേഴിന് വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഒരു മാസത്തിനുള്ളിൽ ഈ കണക്ക് മുപ്പത്തയ്യായിരത്തിലേക്കു കുതിക്കുകയായിരുന്നു.
കഴിഞ്ഞ നാലു ദിവസങ്ങളായി ഇറ്റലിയിൽ മരിക്കുന്നവരുടെ എണ്ണം മുന്നൂറിനു മുകളിലാണ്. മാർച്ച് 15-368, മാർച്ച് 16-349, മാർച്ച് 17-345 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിലുണ്ടായ മരണനിരക്ക്.
ഇറാനിൽ മരണം 1,135
ഇറാനിൽ കോവിഡ് – 19 മരണം 1,135 ആയി. രാജ്യത്ത് 17,361 പേർക്ക് രോഗബാധയുണ്ട്. 24 മണിക്കൂറിനിടെ 147 പേരാണ് മരിച്ചത്. 1,192 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ഖത്തറില്‍ 442 പേർക്കാണ് ഇതു വരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതില്‍ 400 പേരും പ്രവാസികളാണ്. ഗൾഫിൽ ഏറ്റവും കൂടുതൽ കോവിഡ്19 രോഗ ബാധിതർ ഖത്തറിലാണ്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,944 ആയി ഉയർന്നു.