ബെയ്ജിംഗ്: ഒറ്റ കുട്ടി നയത്തിന് അന്ത്യം കുറിച്ചിട്ടും ചൈനയിൽ ജനസംഖ്യ താഴേക്ക് പതിക്കുന്നതായി പുതിയ കണക്കുകൾ.
1961-ന് ശേഷം ആദ്യമായി രാജ്യത്ത് ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(എൻബിഎസ്) അറിയിച്ചു.
141.17 കോടി ജനങ്ങളുള്ള ചൈനയിൽ 2022-ൽ മാത്രം 8,50,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായി എൻബിഎസ് വ്യക്തമാക്കി.
ചൈനയിലെ ജനനനിരക്ക് 7.52(2021) എന്ന നിലയിൽ നിന്ന് 6.52 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 1974-ലെ സാംസ്കാരിക വിപ്ലവ സമയുത്താണ്ടായിരുന്ന മരണനിരക്കിന് സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്.
1000 പേരിൽ 7.18 എന്ന നിലയിൽ മരണനിരക്ക് രേഖപ്പെടുത്തിയതോടെ ജനന – മരണ അനുപാതത്തിൽ വൻ അന്തരമാണ് വന്നിരിക്കുന്നത്.
പുതിയ കണക്കുകൾ പുറത്ത് വന്നതോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2021-ൽ നടക്കേണ്ട സെൻസസ് ഇനിയും ആരംഭിക്കാത്തതിനാൽ നിലവിലെ ഇന്ത്യൻ ജനസംഖ്യ സംബന്ധിച്ച് അനുമാന കണക്കുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
മനുഷ്യവിഭവശേഷിയിലെ കുറവ് ഭാവിയിൽ ഗുരുതര പ്രശ്നമാകുമെന്ന് കണ്ട് ചൈന ഒറ്റ കുട്ടി നയം ഉപേക്ഷിച്ചെങ്കിലും ഒരു കുട്ടി മതിയെന്ന നിലപാടിലാണ് പൊതുജനം.
വർധിച്ച ജീവിതചെലവും വിദ്യാഭ്യാസരംഗത്തെ കിടമത്സരവും അമിത ജോലിഭാരവും ഒറ്റ കുട്ടി മതിയെന്ന ചിന്തയിലേക്ക് പൊതുബോധത്തെ തള്ളിവിട്ടിട്ടുണ്ട്.
1980 മുതൽ 2015 വരെ രാജ്യത്ത് ഔദ്യോഗികമായി ഒറ്റ കുട്ടി നയം പിന്തുടർന്നതിനാൽ, ആൺകുട്ടികൾക്ക് മാത്രം ജന്മം നൽകാൻ ഭൂരിഭാഗം മാതാപിതാക്കളും ശ്രമിച്ചിരുന്നു.
ഇതോടെ രാജ്യത്തെ സ്ത്രീ -പുരുഷ അനുപാതതം മോശമായ നിലയിലാണ്. നിലവിൽ രാജ്യത്ത് 72 കോടി പുരുഷന്മാർക്ക് 69 കോടി സ്ത്രീകളാണുള്ളത്.
അടുത്ത രണ്ട് ദശകത്തിനുള്ളിൽ ചൈനയിൽ 60 വയസിന് മുകളിലുള്ള 42.8 കോടി ജനങ്ങൾ ഉണ്ടാകുമെന്നും ഈ കാലഘട്ടത്തിൽ 19-40 വയസുള്ളവരുടെ എണ്ണം 35.7 കോടി ആയിരിക്കുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിൽ ഇത് യഥാക്രമം 24.7 കോടി, 52.7 കോടി എന്നിങ്ങനെയായിരിക്കും.