പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിനും സംഘർഷത്തിനും പിന്നാലെ ഉത്തരാഖണ്ഡിലെ ഇന്ത്യ- ചൈന അതിർത്തിയായ ലിപുലേഖ് ചുരത്തിനു സമീപം വീണ്ടും ചൈനീസ് സൈനികനീക്കം.
നേരത്തെ സൈനികനീക്കമുണ്ടായ ലഡാക്ക് സെക്ടറിൽ പെടുന്ന ലിപുലേഖ് ചുരത്തിനടുത്താണ് വീണ്ടും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഒരു ബറ്റാലിയൻ സൈനികരുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതേത്തുടർന്ന് ലിപുലേഖ് പാസിനു സമീപത്തായി ഇന്ത്യയും സൈനിക സന്നാഹം ശക്തമാക്കിയതായി സൈനികകേന്ദ്രങ്ങൾ വിശദീകരിച്ചു. മാനസ സരോവർ യാത്രയ്ക്കുള്ള റൂട്ടിലാണ് ലിപുലേഖ് ചുരം.
ഹിമാലയൻ ചുരത്തിലേക്ക് ഇന്ത്യ നിർമിക്കുന്ന 80 കിലോമീറ്റർ റോഡിന്റെ പ്രവർത്തനങ്ങളെ നേപ്പാൾ തടസപ്പെടുത്തിയതിനെത്തുടർന്ന് ഏതാനും മാസങ്ങളായി ലിപുലേഖ് ചുരം വാർത്തകളിൽ നിറഞ്ഞതാണ്.
ഇന്ത്യ- ചൈന- നേപ്പാൾ അതിർത്തിയിലെ ലിപുലേഖ് ചുരം ഉൾപ്പെട്ട കാലാപാനി മേഖലയെ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം അംഗീകരിച്ചത് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
കഴിഞ്ഞ മേയ് ആദ്യം മുതൽ അതിർത്തിക്കടുത്തു കടന്നുകയറിയ ചൈനീസ് സേനകളുടെ പിന്മാറ്റം പൂർത്തിയാകുന്നതിനു മുൻപുതന്നെ നിയന്ത്രണ രേഖയ്ക്കു സമീപം ആയിരത്തോളം സൈനികരെ ചൈന നിയോഗിച്ചതു വലിയ ആശങ്കകൾക്കു കാരണമായിട്ടുണ്ട്.
നിയന്ത്രണ രേഖയിൽ ലിപുലേഖ് പാസിൽനിന്നു കുറച്ചകലെയായി തന്പടിച്ചിരിക്കുന്ന ഒരു ബറ്റാലിയനിൽ ആയിരം സൈനികരുണ്ടെന്നാണു കണക്ക്.
ചൈന തയാറെടുത്തു നിൽക്കുന്നതിന്റെ സൂചനയാണു സംഭവമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ലിപുലേഖ്, വടക്കൻ സിക്കിം, അരുണാചൽ പ്രദേശ് അതിർത്തിക്കടുത്ത് ചൈന വൻതോതിൽ അടിസ്ഥാനസൗകര്യ വികസനവും സൈനികനീക്കവും നടത്തുന്നതായി കരസേനയിലെ ഉന്നത സൈനിക കമാൻഡർ വ്യക്തമാക്കി.
ലഡാക്ക് മേഖലയ്ക്കു പുറത്തേക്കും ചൈന വിപുലമായ സന്നാഹം ഒരുക്കുന്നത് നിയന്ത്രണ രേഖയ്ക്കു സമീപത്തെ സ്ഥിതി സംഘർഷാത്മകമാക്കിയിട്ടുണ്ടെന്നും കമാൻഡർ വിശദീകരിച്ചു.
അതിർത്തിയിൽ നിന്നു വളരെ അകലെയല്ലാതെ വ്യോമതാവളങ്ങൾ, പുതിയ റോഡുകൾ, സൈനിക ക്യാന്പുകൾ തുടങ്ങിയവയോടൊപ്പം ചൈനയുടെ യുദ്ധവിമാനങ്ങളുടെയും സൈനികരുടെയും സാന്നിധ്യം ഏതു തരം അക്രമത്തിനുമുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇതേത്തുടർന്നു ലഡാക്ക് മേഖലയിലെ മഞ്ഞുമലകളിൽ ഇന്ത്യയും സൈനികസന്നാഹം ശക്തമാക്കി.
നിയന്ത്രണ രേഖയിൽ നിന്നു കണ്ണെടുക്കാനാകില്ലെന്ന മുന്നറിയിപ്പാണു സംഭവവികാസങ്ങളെന്ന് ഇന്ത്യൻ കരസേനയും വ്യോമസേനയും വിലയിരുത്തി.
ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടമാക്കിയ കടന്നുകയറ്റത്തിൽ നിന്നു പരിപൂർണമായി പിന്മാറുന്നതിനു മുന്പേ പുതിയ നീക്കങ്ങൾ ഉണ്ടായതു സ്ഥിതി കൂടുതൽ ഗുരുതരമാക്കും.