അജിൽ നാരായണൻ
തൃശൂർ: മുനയ്ക്കൽ – മുസിരിസ് ബീച്ചിലേയ്ക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇവിടെ തലയുയർത്തി നിൽക്കുന്ന ചീനവലകൾ. എന്നാൽ, പകലന്തിയോളം പണിയെടുത്തിട്ടും ചെലവുകാശുപോലും ലഭിക്കാത്തതിന്റെ കഥയാണ് ഈ ചീനവലകളിലെ തൊഴിലാളികൾക്കു പറയാനുള്ളത്.
ദിവസം 30 കിലോവരെ മീൻ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ മൂന്നുകിലോ പോലും കിട്ടാത്ത അവസ്ഥയാണ്. ദിവസം ആയിരം മുതൽ രണ്ടായിരം രൂപ വരെ വരുമാനവുമുണ്ടായിരുന്നിടത്ത് ഇപ്പോൾ മുന്നൂറു രൂപയിൽ താഴെയായി. ഏറെ വരുമാനം തരുന്ന തിരുതയും കണന്പും സീസണിൽ ഇതുവരെ ലഭിച്ചു തുടങ്ങാത്തതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.
തിരുത സമൃദ്ധമായി കിട്ടേണ്ട സമയമാണിത്. മുനയ്ക്കൽ – മുസിരിസ് ബീച്ചിൽ 13 ചീനവലകളുണ്ട്. എല്ലായിടത്തും നടന്നുനോക്കിയെങ്കിലും കാണാൻ വേണ്ടിയെങ്കിലും ഒരു തിരുത ആരുടെയും പക്കലുണ്ടായിരുന്നില്ല. തിരുത ലഭിച്ചു തുടങ്ങിയാൽ പ്രശ്നങ്ങൾക്കു താത്കാലിക പരിഹാരമാകുമെന്നു മത്സ്യത്തൊഴിലാളിയായ കുമാ രൻ തട്ടാൻപറന്പിൽ പറയുന്നു. 25 വർഷമായി ചീനവലയിൽ പണിയെടുക്കുന്നയാളാണ് ഇദ്ദേഹം.
പാലാത്തൻ, ചെമ്മീൻ, കൊഴുവ, നാടൻ മുള്ളൻ, ചൂരക്കണ്ണി, പ്രായൽ തുടങ്ങിയ മീനുകളാണ് ഇപ്പോൾ ലഭിക്കുന്നത്. അപൂർവമായി പട്ടത്തിയെപ്പോലുള്ള മീനുകളും കിട്ടാറുണ്ട്. അഴിമുഖത്തിന്റെ പടിഞ്ഞാറേ അറ്റത്ത് പുലിമുട്ടു വന്നതോടെ വേലിയേറ്റത്തിന്റെ ശക്തി കുറഞ്ഞു. ഇതാണു മത്സ്യലഭ്യത കുറയാനുള്ള കാരണമായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
രണ്ടുപേരുള്ള മൂന്നു ഷിഫ്റ്റുകളിലായാണ് ഇവിടെ മത്സ്യത്തൊഴിലാളികൾ ചീനവലകളിൽ മീൻ പിടിക്കുന്നത്. രാവിലെ ഏഴിനു തുടങ്ങുന്നവർ ഉച്ചയ്ക്കു 12ന് അവസാനിപ്പിക്കും. നാലുവർഷം മുന്പുവരെ കായികാധ്വാനം കൊണ്ടാണു വലയുയർത്തിയിരുന്നത്. ഇപ്പോൾ ഇതിനു പകരം പഴയ മോട്ടോർസൈക്കിളുകളുടെ എൻജിൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ പെട്രോൾ ചെലവിനുള്ള മീൻ പോലും ചില ദിവസങ്ങളിൽ കിട്ടുന്നില്ല. മുനയ്ക്കലിലെ മാത്രമല്ല കായലിലും അഴിമുഖത്തുമായി ചീനവലകളിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും സമാനമായ അവസ്ഥയാണ്.