ഭൂമിക്ക് എതിരായ ചന്ദ്രന്റെ വശം പരിശോധിക്കാൻ ചൈന അയച്ച ചാംഗ്ഇ-4 പര്യവേക്ഷണ പേടകം സുരക്ഷിതമായി ഇറങ്ങി. മണ്ണിന്റെ ഘടന അടക്കം വിശദമായി പഠിക്കുകയാണ് ലക്ഷ്യം. ഉരുളക്കിഴക്ക് അടക്കമുള്ളവ വിതച്ച് മുളയ്ക്കുമോയെന്നും നോക്കും.
ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രമേഖലയിൽ ഇതാദ്യമായാണ് ഒരു പരീക്ഷണ പേടകം ഇറങ്ങുന്നത്. ഭൂമിയിൽനിന്നു കാണാൻ പറ്റാത്തതിനാൽ ഈ മേഖലയെ ഇരുണ്ടവശം എന്നും വിളിക്കുന്നു. ആശയവിനിമയത്തിനുള്ള സിഗ്നൽ ഇവിടെനിന്നു നേരിട്ട് ലഭിക്കില്ല. ഭൂമിക്കും ചന്ദ്രനും ഇടയിൽ പ്രത്യേക ഉപഗ്രഹം വിക്ഷേപിച്ചാണ് ചൈന ഈ പ്രതിസന്ധി മറികടന്നത്.
ചിയാംഗ് ഷിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ഡിസംബർ ഏഴിനാണ് ചാംഗ്ഇ-4 വിക്ഷേപിച്ചത്. പേടകം അയച്ച ആദ്യ ചിത്രം ചൈനീസ് സർക്കാർ പുറത്തുവിട്ടു. ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിക്കാനായി ചാംഗ്ഇ-5, 6 എന്നീ തുടർ വിക്ഷേപണങ്ങൾ ചൈന ഉദ്ദേശിക്കുന്നുണ്ട്.