9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം. തിങ്കളാഴ്ച രാവിലെ ചോങ്കിംഗിൽനിന്നു ലാസയിലേക്കു പുറപ്പെട്ട സിചുവാൻ എയർലൈൻസിന്റെ എയർബസ് എ319 വിമാനമാണ് തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
119 യാത്രക്കാരടക്കം 128 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 900 കിലോമീറ്റർ വേഗത്തിൽ പറക്കവേ കോക്പിറ്റിന്റെ മുന്നിലെ ജനാലച്ചില്ല് തകർന്നു. പുറത്തേക്കു തെറിച്ചുപോയ സഹപൈലറ്റിനെ തടഞ്ഞുനിർത്തിയത് സീറ്റ് ബൽറ്റാണ്. കാബിനിലെ ഉപകരണങ്ങൾ പലതും പ്രവർത്തിക്കാതായി. ഓട്ടോപൈലറ്റ് സംവിധാനം നിലച്ചു. വിമാനം ശക്തിയോടെ കുലുങ്ങാൻ തുടങ്ങിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി.
മുഖത്തടിക്കുന്ന ശക്തമായ കാറ്റും തണുപ്പും അവഗണിച്ച് പൈലറ്റ് ലിയു വിമാനം നിയന്ത്രിക്കാൻ തുടങ്ങി. ഇരുപതു മിനിറ്റിനകം അടുത്തുള്ള ചെംഗ്ഡു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രക്ഷാപ്രവർത്തനത്തിനിടെ മുഖത്ത് മുറിവേൽക്കുകയും നടുവിനു പരിക്കേൽക്കുകയും ചെയ്ത ലിയുവി നെ ആശുപത്രി യിലാക്കി. വ്യോമസേനയിൽ പരിശീലകനായിരുന്നു ലിയു.