കല്‍പ്പറ്റ: പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനത്ത് ഇന്നലെ ആരംഭിച്ച പ്രത്യേക എക്സിബിഷനില്‍ ആദ്യം ദിവസം താരമായത് ചൈനീസ് കുഞ്ഞെലികള്.
മുയല്, അണ്ണാന് തുടങ്ങി നിരവധി വളര്‍ത്തു മൃഗങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണെങ്കിലും വീട്ടില്‍ വളര്‍ത്താവുന്ന എലികള്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു.
സാധാരണ എലികളില്‍ നിന്ന് വ്യത്യസ്തമാണ് ഒരു കൈകുമ്പിളില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള ഇവ. എലിവര്‍ഗത്തില്‍ ഉള്‍പ്പെട്ട ഹാംസ്റ്റര്‍ എന്നു വിളിക്കുന്ന കുഞ്ഞന്‍ എലികളാണിത്.
ആയിരം രൂപ വരെയാണ് ഒരു ജോഡിയുടെ വില. കൂട്ടിലിട്ടു വളര്‍ത്തുന്ന ഈ കുഞ്ഞോമനകളെ വില്പനയ്ക്കെത്തിച്ചിരിക്കുന്നത് പെരുമ്പാവൂരിലെ അറ്റ്ലാന്റ് അക്വാ ഫാം ആണ്.
ഇതോടൊപ്പം പാണ്ട മൈസ് എന്ന കുഞ്ഞന്‍ ചുണ്ടെലികളും പ്രദര്‍ശനത്തിനുണ്ട്. മൂന്ന് കുഞ്ഞോമനകളെ മുലയൂട്ടുന്ന ഈ കുഞ്ഞന്‍ ചുണ്ടെലി സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന കാഴ്ചയാണ്. ചില്ലു കൂട്ടിലാണ് ഇവയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ആവാസം. കൂടുതല്‍ ചൂട് ഏല്ക്കാന് പാടില്ല. അതുകൊണ്ടു പകല്‍ സമയങ്ങളില്‍ കൂടുതല്‍ പുറത്തിറങ്ങില്ല. ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതുമെല്ലാം രാത്രി കാലങ്ങളിലാണ്. മനുഷ്യര്‍ കഴിക്കുന്ന എന്തും തിന്നാന്‍ ഇവ തയാറാണ്.
കിട്ടുന്ന ഭക്ഷണമെല്ലാം കഴിക്കുമെങ്കിലും പ്രധാനമായും വിത്തിനങ്ങളും പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികളുമാണ് ഭക്ഷണം. എന്തും വാരിവലിച്ച് വേഗത്തില്‍ അകത്താക്കി കവിളില്‍ സൂക്ഷിക്കും.
പിന്നീട് കൂട്ടിലെത്തിയ ശേഷം പുറത്തേക്കെടുത്ത് സാവധാനം കഴിക്കുക എന്നതാണ് ഇവയുടെ രീതി. മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുന്ന ഇവയ്ക്ക് വെറും 25 ഗ്രാം വരെ മാത്രമെ ഭാരമുള്ളൂ. എട്ടു മാസം പ്രായമുള്ള ഒരു ഹാംസ്റ്റര്‍ 28 ദിവസം കൊണ്ട് പ്രസവിക്കും.
ഇവയുടെ ഇരട്ടി വലിപ്പമുള്ള റഷ്യന്‍ ഹാംസ്റ്ററും ഉണ്ട്. ചെറുജീവികളായതിനാല്‍ ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്കിടയിലാണ് ഈ കുഞ്ഞനെലികള്‍ക്ക് ആവശ്യക്കാരേറെ എന്ന് ഫാം ഉടമ മനോജ് പറയുന്നു. കൂട്ടില്‍ മരപ്പൊടി വിരിച്ചാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്.