ഒറ്റപ്പാലം: ആയുധങ്ങൾ മൂർച്ചകൂട്ടി ഉപജീവനം നടത്തിയിരുന്നവർ ദുരിതക്കയത്തിൽ. കത്തി, കത്രിക, മറ്റു ഇരുന്പായുധങ്ങൾ എന്നിവയ്ക്ക് മൂർച്ചകൂട്ടുന്ന ചാണമെഷിനും ചുമലിലേന്തി കടകൾ, വീടുകൾ എന്നിവിടങ്ങളിൽ എത്തുന്നവരെ കാണാത്തവരായി ആരുമുണ്ടാകില്ല. തമിഴ്നാട്ടുകാരാണ് ഇവരിലേറെയും.
പിന്നീട് തൊഴിൽ സാധ്യത കണ്ടറിഞ്ഞ് ഇന്നാട്ടുകാരും ഈ തൊഴിലിനിറങ്ങി. ആഗോളവത്കരണത്തിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങൾ വ്യാപകമായി മനോഹരവും മൂർച്ചയേറിയതും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതുമായ ആയുധങ്ങൾ വിപണികളിൽ സജീവമായപ്പോഴാണ് ഇരുന്പ് ഉപയോഗിച്ച് ഗ്രാമീണമേഖലയിലും പട്ടണങ്ങളിലും ചെറുകിട യൂണിറ്റുകളായി തുടങ്ങിയ കന്പനികൾക്കു പൂട്ടുവീഴുന്നത്.
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന ഒരു തൊഴിൽമേഖലയാണ് ഇതോടെ കൂന്പടഞ്ഞത്. ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് നിത്യവൃത്തിക്കായി അനുഷ്ഠാനം കണക്കേ ഈ തൊഴിൽ ചെയ്യുന്നത്. വൃത്താകൃതിയിലുള്ള ചാണക്കല്ലിൽ ആയുധം ഉരസുന്പോൾ തീപ്പൊരി ചിതറും.
മുൻകാലങ്ങളിൽ ചെറുബാല്യങ്ങൾക്കെന്നപോലെ മുതിർന്നവർക്കും ഇതൊരു കാഴ്ചയായിരുന്നു. ഇന്നും ആയുധം മൂർച്ചകൂട്ടുന്നതും കല്ലിൽനിന്നും അഗ്്നിസ്ഫുലിംഗങ്ങൾ മിന്നൽപിണർപോലെ ചിതറിവീഴുന്നതും കൗതുകകാഴ്ചയാണ്.സൈക്കിൾ റിമ്മിൽ കോർത്ത ചരടും തയ്യിൽ മെഷീൻ ചവിട്ടുന്നതുപോലുള്ള രീതിയിലുമാണ് ചാണയന്ത്രത്തിന്റെ മാതൃക. അടിയിൽ ചവിട്ടുന്നതിനനുസരിച്ച് മുകളിൽ ചാണക്കൽ തിരിയും.
ഇതിലാണ് മൂർച്ചനഷ്ടമായ ആയുധങ്ങൾ ചേർത്തുവച്ച് മൂർച്ചവരുത്തുന്നത്.ഒരുദിവസം എട്ടുകിലോമീറ്റർ ദൂരം ചാണമെഷിനും തൂക്കി നടന്നാൽ പരമാവധി ലഭിക്കുന്നത് 400-450 രൂപയാണെന്ന് കടന്പഴിപ്പുറം സ്വദേശിയായ ബാഷ (28) പറഞ്ഞു.
ചിലപ്പോൾ പത്തുകിലോമീറ്ററിലേറെ നടന്നാലും പത്തുരൂപപോലും ലഭിക്കാറില്ലത്രേ. ആയുധം മൂർച്ചകൂട്ടാൻ ആരുമില്ലാത്തതാണ് ഇതിനു കാരണമെന്നു ബാഷ കൂട്ടിച്ചേർത്തു.വണ്ടിക്കൂലി, ഭക്ഷണം, ചായ തുടങ്ങിയവ കഴിയുന്പോഴേയ്ക്കും കീശ കാലിയാകും.
അന്യംനില്ക്കുന്ന ഒരു തൊഴിൽ മേഖലയാണിത്. താനടക്കമുള്ളവർക്ക് യാതൊരുതരത്തിലുള്ള ക്ഷേമപദ്ധതികളും സർക്കാർ തലത്തിൽ ഇല്ലെന്ന് ബാഷ പറഞ്ഞു. ആയുധങ്ങൾ മൂർച്ചകൂട്ടുന്നത് ഒരു തൊഴിലായി സർക്കാർ അംഗീകരിക്കാത്തതാണ് ഇതിനു കാരണം.