ന്യൂഡൽഹി: ചൈനീസ് ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
ചോദ്യശരങ്ങൾ എയ്താണ് പ്രധാനമന്ത്രിയെ രാഹുൽ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനമായിരിക്കുന്നതെന്ന് രാഹുൽ ചോദിച്ചു.
അദ്ദേഹം എന്താണ് ഒളിക്കുന്നത്? മതി, മതിയായി. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം- രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. ചൈനക്ക് നമ്മുടെ സൈനികരെ വധിക്കാൻ എങ്ങനെ ധൈര്യം വന്നു? ഇന്ത്യയുടെ ഭൂമി കൈയേറാൻ ചൈനയ്ക്കു എങ്ങനെ ധൈര്യം വന്നെന്നും രാഹുൽ ചോദിച്ചു.
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന സംഘർഷത്തിൽ കേണൽ ഉൾപ്പെടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരവുമാണ്.
തിങ്കളാഴ്ച രാത്രിയാണു സംഘർഷം ഉണ്ടായത്. ഗൽവാൻ നദിക്കപ്പുറം ഗൽവാർ താഴ്വരയിലെ പട്രോൾ പോയിന്റ് 14-നടുത്തായിരുന്നു ഏ റ്റുമുട്ടൽ.
ചൊവ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. അതിർത്തി കൈവശമാ ക്കാൻ ചൈനയുടെ സൈനികർ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. എന്നാൽ വെടിവയ്പ് ഉണ്ടായില്ല.