വൈപ്പിന്‍: ചൈനീസ് നിര്‍മ്മിത അതിവേഗ ഇന്‍ബോര്‍ഡ് എന്‍ജിനുകളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ ഭിന്നാഭിപ്രായം. പരമ്പരാഗത ബോട്ടുടമകള്‍ ചൈന എന്ജിന് നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോള്‍, പുറമെ നിന്നും ഇടക്കാലത്ത് ഈ മേഖലയിലേക്ക് എത്തപ്പെട്ട ചില പുത്തന്പണക്കാരാണ് ചൈന എന്ജിന് നിരോധനത്തിനെതിരെ രംഗത്തുള്ളത്. കടലിലെ മത്സ്യസമ്പത്തിനെ അനിയന്ത്രിതമായി ചൂഷണം ചെയ്യുക എന്നല ലക്ഷ്യം വെച്ച് മത്സ്യബന്ധന ബോട്ടുകളിലും ചില വള്ളങ്ങളിലും ഇപ്പോള്‍ കുതിരശക്തി കൂടുതലുള്ള ചൈന എന്‍ജിനുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കടല്‍ സമ്പത്ത് പരമാവധി വേഗത്തില്‍ ചൂഷണം ചെയ്ത് സമ്പത്തുണ്ടാക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമത്രേ.
അതേ സമയം മത്സ്യമേഖലയുടെയും അനുബന്ധവ്യവസായങ്ങളുടേയും നിലനില്‍പ്പിനു അനിയന്ത്രിതവും അമിതവുമായ മത്സ്യബന്ധനം ഭാവിയില്‍ ദോഷമായി ഭവിക്കുമെന്നാണു പരമ്പരാഗതരുടെ അഭിപ്രായം. ചൈന എന്‍ജിനുകളുടെ ഉപയോഗം മൂലം കടലിലെ മത്സ്യലഭ്യത കുറഞ്ഞുവരുന്ന കണക്കുകളാണ് ഇവര്‍ ഇതിനു പിന്‍ബലമായി ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം മത്തിയുടെ സാന്നിധ്യം കടലില്‍ കുറഞ്ഞതോടെ 150 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന സിഎംഎഫ് ആര് ഐ റിപ്പോര്‍ട്ടുകൂടി വന്നിരിക്കുകയാണ്. ഇതിന്റെ കാരണങ്ങളിലൊന്ന് അനിയന്ത്രിതമായ മത്സ്യബന്ധനമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി എം എഫ് ആര് ഐ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത മത്സ്യബന്ധനമേഖലയിലുള്ളവരുടെ യോഗത്തില്‍ ബോട്ടുടമാസംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടിരിക്കുന്നത് മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ജിനുകളുടെ ശേഷി 200 നും 280 കുതിരശക്തിക്കും ഇടയിലായി നിജപ്പെടുത്തണമെന്നാണ്. ഇത് മുന്‍ നിര്‍ത്തി ഈ അടുത്തകാലത്ത് മത്സ്യബന്ധന മേഖലയില്‍ നടന്ന ചര്‍ച്ചകളിലാണ് സംഭവം വിവാദമായതും ഭിന്നാഭിപ്രായമുയര്ന്നിട്ടുള്ളതും.
മുന്‍പ് 200 മുതല്‍ 250 കുതിരശക്തിയുള്ള നാടന്‍ എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോള്‍ 450 മുതല്‍ 600 വരെ കുതിരശക്തിയുള്ള ചൈനയുടെ എന്‍ജിനാണ് പുതുതായി ഇറക്കുന്ന മത്സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലും ഉപയോഗിക്കുന്നത്. മത്സ്യത്തിന്റെ വേഗതക്കുമപ്പുറം പാഞ്ഞെത്തി ഇവയെ പടലോടെ പിടികൂടാനാണ് ഇത്രക്കും അതിവേഗ എന്ജിന് യാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഡീസലിന്റെ ഉപയോഗം കൂടുതലുമാണ്. അമിതമായ ഡീസല്‍ ഉപയോഗം മൂലം കടല്‍ കൂടുതല്‍ മലിനമാകുകയും, ഇത് കടലിലെ ആവാസവ്യവസ്ഥക്ക് കോട്ടം വരുത്തുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അമതിമായ ഡീസല്‍ ഉപയോഗം കൊണ്ട് ഏറ്റവും കൂടുതല്‍ വിനാശം കടലില്‍ വിതക്കുന്ന ചൈന എന്ജിന് നിരോധിക്കണമെന്നു തന്നെയാണ് മറ്റ് മേഖലയില്‍ നിന്നുള്ള ആവശ്യവും.