കുട്ടികള്‍ കുറയുന്ന ചൈനയില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വന്‍ ഓഫറുകളാണ് സര്‍ക്കാരും വിവിധ ഏജന്‍സികളും പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് ഡോട്ട് കോം ആണ് ഇത്തരമൊരു ഓഫറുമായി മുമ്പോട്ടു വന്നിരിക്കുന്നത്.
കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ‘ശിശു സംരക്ഷണ സബ്സിഡി’ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ഓരോ വര്‍ഷവും നവജാത ശിശുവിന് 10,000 യുവാന്‍ (ഏകദേശം 1.1 ലക്ഷം രൂപ) വാര്‍ഷിക ബോണസായി ജീവനക്കാര്‍ക്ക് ലഭിക്കും, കുട്ടിക്ക് അഞ്ച് വയസ് തികയുന്നത് വരെ ഇത് തുടരും. ജൂണ്‍ 30ന് പ്രഖ്യാപിച്ച നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും.
Trip.comല്‍ മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ജീവനക്കാര്‍ക്ക് ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം ലഭ്യമാകും.
‘ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ജീവനക്കാരെ അവരുടെ പ്രൊഫഷണല്‍ ലക്ഷ്യങ്ങളിലും നേട്ടങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ അവരുടെ കുടുംബങ്ങള്‍ ആരംഭിക്കുന്നതിനോ വളര്‍ത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക സഹായം നല്‍കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ Trip.com എക്സിക്യൂട്ടീവ് ചെയര്മാന് ജെയിംസ് ലിയാങ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനന നിരക്കില്‍ ‘റെക്കോര്‍ഡ് താഴ്ചയാണ്’ ചൈനയില്‍ രേഖപ്പെടുത്തുന്നത്.
ഈ ഒരു പ്രശ്നത്തില്‍ നിന്ന് കരകയറാനാണ് ചൈനയിലെ സ്വകാര്യ മേഖലയും കുഞ്ഞങ്ങളുണ്ടാകാന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടുവരുന്നത്.
ഉയര്‍ന്ന ശിശുപരിപാലന-വിദ്യാഭ്യാസ ചെലവ്, കുറഞ്ഞ വരുമാനം, ദുര്‍ബലമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ലിംഗ അസമത്വം എന്നിവ മൂലമാണ് ചെറുപ്പക്കാര്‍ കുട്ടികളുണ്ടാകുന്നതില്‍ നിന്ന് പിന്നോട്ട് പോകുന്നത്.