ലോകമെമ്പാടും കോവീഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഉയര്‍ന്ന ഫലപ്രാപ്തിയുള്ള വാക്‌സിനായുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞരെല്ലാം.
പല രാജ്യങ്ങളുടെയും വാക്‌സിനുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ വാക്‌സിന് അധികം ആവശ്യക്കാരില്ലെന്നതാണ് വസ്തുത.
വാക്‌സിന്‍ ഗുണനിലവാരക്കുറവാണ് പലരും ചൈനീസ് വാക്‌സിന്‍ തിരസ്‌ക്കരിക്കാനുള്ള കാരണമായി പറയുന്നത്.
ഇപ്പോഴിതാ ചൈനീസ് വാക്‌സീന് ‘ഉയര്‍ന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തലവന്‍ ജോര്‍ജ് ഗാവോ (ഗാവോ ഫു) തുറന്നു പറഞ്ഞിരിക്കുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചില്‍ വന്നത് ചൈനയ്ക്ക് തിരിച്ചടിയായി. ചൈനീസ് സര്‍ക്കാര്‍ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്‌സീനുകള്‍ കയറ്റി അയച്ചിട്ടുണ്ട്.
ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് വാക്‌സിന്‍ ജനങ്ങളില്‍ എടുത്തു തുടങ്ങിയിരുന്നു.
ഇതൊക്കെയായാലും വാക്‌സിനിന്റെ ഫലക്ഷമത എത്രയെന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡേറ്റ ചൈനീസ് മരുന്നു കമ്പനികള്‍ ഇതുവരെ പുറത്തുവിടാത്തതിനെ പലരും ചോദ്യം ചെയ്തിരുന്നു.
ചൈനയുടെ സൈനോഫാം കമ്പനിയുടെ വാക്‌സിന്‍ രണ്ടു ഡോസ് മതിയെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് ഫലപ്രദമല്ലെന്ന് കണ്ട് യുഎഇ
മൂന്നു ഡോസ് കുത്തിവയ്പ്പ് എടുക്കാന്‍ ആരംഭിച്ചിരുന്നു.
രണ്ടു ഡോസ് കുത്തിവയ്‌പ്പെടുത്ത പലരിലും ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് കുറവാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്.
അതേസമയം, സിംഗപ്പുര്‍ ചൈനീസ് കമ്പനിയായ സൈനോവാക്കിന്റെ വാക്‌സീന്‍ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
ഇതിനിടയില്‍ ഫലപ്രാപ്തി ഉയര്‍ത്താന്‍ മറ്റു വഴികള്‍ തേടുകയാണെന്നും ഗാവോ പറയുന്നു.ഡോസുകളില്‍ ഉള്‍പ്പെടുത്തുന്ന മരുന്നിന്റെ അളവു കൂട്ടുകയോ ഡോസുകളുടെ അളവു കൂട്ടുകയോ ചെയ്ത് ഫലക്ഷമത ഉയര്‍ത്താമെന്നും അതല്ലെങ്കില്‍ വിവിധ വാക്‌സീനുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഫലക്ഷമത ഉയര്‍ത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനായി പാശ്ചാത്യ രാജ്യങ്ങള്‍ കൈവരിച്ച എംആര്‍എന്‍എ വാക്‌സീന്‍ എന്ന വിപ്ലവകരമായ ജനിതക സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുക്കണം.
ഫലക്ഷമതയുടെ കാര്യത്തില്‍ ചൈനീസ് വാക്‌സീനുകള്‍ ഫൈസര്‍, മോഡേര്‍ണ വാക്‌സീനുകളെക്കാള്‍ വളരെ പിന്നിലാണെന്നാണ് നിലവില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
ബ്രസീലില്‍ ചൈനീസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫലക്ഷമത പകുതിയില്‍ താഴെയായിരുന്നു. ഈ അവസരത്തില്‍ ചൈനീസ് വാക്‌സിനു മേലുള്ള സംശയം ഉയരുകയാണ്.