രാജാക്കാട്: കുഞ്ചിത്തണ്ണിയില്‍ കൃത്രിമ മുട്ടയുമായെത്തിയ തമിഴ്‌നാട് വാഹനം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ വെട്ടിച്ച് വാഹനവുമായി കടക്കുവാന്‍ ശ്രമിച്ച ജീവനക്കാരെ നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നു പിടികൂടി. തേക്കുംകാനത്ത് തടഞ്ഞിട്ട വാഹനം വീണ്ടും നാട്ടുകാര്‍ കുഞ്ചിത്തണ്ണിയിലേയ്ക്ക് തിരിച്ചുകൊണ്ടുപോയി.
കഴിഞ്ഞ ആഴ്ച വിതരണംചെയ്ത മുട്ടകളിലാണ് വ്യാപകമായ കൃത്രിമ മുട്ടകള്‍ കണ്ടെത്തിയത്. ഹോട്ടലുകളിലടക്കം മുട്ടകള്‍ വാങ്ങി ഉപയോഗിച്ചവര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോഴിമുട്ടകളില്‍നിന്നും വ്യത്യസ്തമായി തോന്നുന്ന മുട്ടകള്‍ കടയുടമകള്‍ മാറ്റിവയ്ക്കുകയായിരുന്നു.
തമിഴ്‌നാട് നാമക്കല്ലില്‍നിന്നാണ് മുട്ടകള്‍ എത്തിച്ചത്. കഴിഞ്ഞദിവസം വീണ്ടും വിതരണത്തിനെത്തിയ ഇവരെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു. മുട്ട വ്യാജമാണെന്ന് ഇവരെ ബോധ്യപ്പെടുത്തുന്നതിന് മുട്ടകള്‍ പൊട്ടിച്ച് കാണിച്ചു. പൊട്ടിച്ച മുട്ടകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് പാടപോലെയായിരുന്നു. ഇത് കത്തിച്ചപ്പോള്‍ പ്ലാസ്റ്റിക്കിനു സമാനമായി ഉരുകി. ഇതോടെ മുട്ടയുമായി വന്ന വാഹനം നാട്ടുകാര്‍ പിടിച്ചിട്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ പ്രതിഷേധക്കാര്‍ മാറിയസമയത്ത് ഇവര്‍ വാഹനമെടുത്ത് കടന്നു. വാഹനവുമായി ഇവര്‍ പോയ വിവിരമറിഞ്ഞ നാട്ടുകാര്‍ ടൗണില്‍ നിന്നും വാഹനങ്ങളില്‍ ഇവരുടെ പിറകെയെത്തി എല്ലക്കല്‍ പാലത്തിനു സമീപം വാഹനം തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍തന്നെ ഇവരെ വാഹനത്തില്‍ കയറ്റി മുട്ടലോറിയുമായി തിരിച്ച് കുഞ്ചിത്തണ്ണിയില്‍ എത്തിച്ചു. വെള്ളത്തുവല്‍ പോലീസ് സ്ഥലത്തെത്തി ലോറിയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ആരോഗ്യ വകുപ്പ് അധികൃതരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അറസ്റ്റിലായ വരെ ജാമ്യത്തില്‍ വിട്ടു.