പ്രായമായ മുത്തശ്ശിയെ ശുശ്രൂഷിക്കാനായി ഈ പെണ്‍കുട്ടി ചെയ്യുന്ന ത്യാഗം ആരുടെയും കരളലിയിക്കും. സ്വന്തം മാതാപിതാക്കളെപ്പോലും പരിചരിക്കാനോ ആവശ്യമായ പരിഗണനകള്‍ അവര്‍ക്ക് നല്‍കാനോ ആളുകള്‍ മടി കാട്ടുന്ന ഈ കാലഘട്ടത്തില്‍ തന്നെയാണ് ഇത്തരത്തിലുള്ള ഒരു ത്യാഗം ലൂലിന് എന്ന ഈ ചൈനീസ് പെണ്‍കുട്ടി എടുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ചൈനയിലെ ചെങ്ടു സ്വദേശിനിയായ ലൂലിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ തൊണ്ണൂറ്റിമൂന്ന്കാരിയായ തന്റെ മുത്തശ്ശിയുടെ എല്ലാക്കാര്യങ്ങളും നോക്കുന്നത് ലൂലിനാണ്. ലൂലിന്റെ അച്ഛന് നേരത്തെ മരിച്ചിരുന്നു. അമ്മയാകട്ടെ രോഗിയും.
ഇക്കാരണത്താലാണ് ഇക്കണോമിക്സ് ആന്‍ഡ് ടൂറിസം മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായ ലൂലിന് തന്റെ മുത്തശ്ശിയേക്കൂടി യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള തന്റെ താമസ സ്ഥലത്തേയ്ക്ക് കൂട്ടാന്‍ തീരുമാനിച്ചത്. മുത്തശ്ശിയോടുള്ള തന്റെ കടമ നിര്വ്വഹിക്കുന്നതിനായാണ് ഞാന്‍ അവരേയും കൂടെക്കൂട്ടിയത്. കാരണം അവരെ ശുശ്രൂഷിക്കാന്‍ വേറെയാരുമില്ല. എന്നെ വളര്‍ത്തിയതും മുത്തശ്ശിയാണ്. ലൂലിന് പറയുന്നു.
ലൂലിന്റെ കാമ്പസില്‍ നിന്ന് ഏകദേശം പത്ത് മിനിറ്റിന്റെ ദൂരമാണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്ന സ്ഥലത്തേയ്ക്കുള്ളത്. രണ്ട് പേര്‍ക്ക് കഷ്ടിച്ച് കഴിഞ്ഞുകൂടാവുന്ന ഒന്നാണ് ഇവരുടെ വീട്. നാട്ടില്‍ ജോലി ചെയ്യുന്ന ഇവരുടെ സഹോദരന് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുകയും അത്യാവശ്യ ചിലവുകള്‍ക്കായി ചെറിയ തുകകള്‍ കൊടുക്കുകയും ചെയ്യും.
ബഹുഭൂരിപക്ഷം സമയവും മുത്തശ്ശിയുടെ പരിചരണത്തിനായാണ് മാറ്റി വച്ചിരിക്കുന്നതെങ്കിലും പഠനത്തിലൂം അതി സമര്‍ത്ഥയാണ് ലൂലിന്. ലൂലിന്റെ ഈ നല്ല മനസിന് പിന്തുണ പ്രഖ്യപിച്ചുകൊണ്ട് സര്‍വ്വകലാശാല അധികൃതര്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും അവയൊന്നും സ്വീകരിക്കാന്‍ ലൂലിന് തയാറായില്ല.
ഒഴിവുസമയങ്ങളില്‍ മുത്തശ്ശിയെ നഗരത്തിലൂടെ കറങ്ങാന്‍ കൊണ്ടുപോവുക, ഇഷ്ടപ്പെട്ട യൂദ്ധ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് മുത്തശ്ശിയെ കാണിക്കുക, തീരെ അവശയായി ഇരിക്കുന്ന സമയങ്ങളില്‍ അവരെ ഒക്കത്തെടുത്ത് നടക്കുക തുടങ്ങി മുത്തശ്ശിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ റെഡിയാണ് ലൂലിന്.
ഭാവിയിലും മുത്തശ്ശിയെ ശുശ്രൂഷിക്കുക എന്ന ഉദ്യമം ആരെയും ഏല്‍പ്പിക്കാതെ താന്‍ തന്നെ ചെയ്യുമെന്നാണ് ലൂലിന് പറയുന്നത്.