അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാകുന്ന അവസരത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്.
സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ(Cyfirma)യാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കെതിരെയായിരിക്കും മുഖ്യമായും ചൈനയുടെ നീക്കങ്ങള്‍.
കഴിഞ്ഞ ഒമ്പതു ദിവസമായി ചൈനീസ് ഹാക്കിംഗ് സമൂഹങ്ങളില്‍ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടന്നുവരുന്നതായി ശ്രദ്ധിച്ചതായി സൈഫേര്‍മയുടെ സ്ഥാപകനായ കുമാര്‍ റിതേഷ് പറഞ്ഞു.
ചൈനീസ് ഹാക്കര്‍മാരുടെ സംഭാഷണം മന്‍ഡാരിന്‍ ഭാഷയിലായിരുന്നുവെന്നും അവര്‍ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളെയും സ്വകാര്യ-സര്‍ക്കാര്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കുകളെയും പ്രതിരോധ വകുപ്പിന്റെതടക്കമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളെയും ഫാര്‍മസി കമ്പനികളെയും സ്മാര്‍ട് ഫോണുകളെയും ടയര്‍ കമ്പനികളെ വരെയും ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിതേഷ് പറയുന്നത്.
ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഗോതിക് പാണ്ഡാ, (Gothic Panda), സ്റ്റോണ്‍ പാണ്ഡാ എന്നീ ഹാക്കിംഗ് ഗ്രൂപ്പുകളാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നത് എന്നാണ് വിവരം.
ഇത്തരം സൈറ്റുകളുടെ വെബ് ആപ്ലിക്കേഷനിലുള്ള കുറവ് മുതലെടുത്ത് ഡേറ്റാ എക്സ്ഫില്‍റ്ററേഷന്‍ (ഹോസ്റ്റിന്റെ സിസ്റ്റത്തില്‍ നിന്ന് ഹാക്കറുടെ സിസ്റ്റത്തിലേക്ക് ഡേറ്റ കടത്തുക) ചെയ്യാനായിരിക്കും ശ്രമം. ഇതിനായി വളരെ സ്പെഷ്യലൈസ് ചെയ്ത മാല്‍വെയര്‍ ഉപയോഗിച്ചേക്കും.
ഡിനയല്‍ ഓഫ് സര്‍വീസ് രീതി ഉപയോഗിച്ചായിരിക്കും ആക്രമണമെന്ന് റിതേഷ് പറയുന്നു. കമ്പനികളുടെ വെബ്സൈറ്റുകളാണെന്ന് ഭാവിച്ച് ദുഷ്ടലാക്കോടെയുള്ള ഫിഷിങ് (phishing) പ്രചാരണങ്ങളും അഴിച്ചുവിട്ടേക്കാമെന്നും റിതേഷിന് അഭിപ്രായമുണ്ട്.
ടൈംസ് ഓഫ് ഇന്ത്യാ, റിപ്പബ്ലിക് ടിവി, എന്‍ഡി ടിവി, ഹിന്ദുസ്ഥാന്‍ ടൈംസ്, ആജ് തക്, ദൈനിക ജാഗ്രണ്‍ എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണം നടത്താനുള്ള പദ്ധതി ഡാര്‍ക് വെബ് ഫോറങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നുവെന്നാണ് റിതേഷ് പറയുന്നത്.
ജിയോ, എംആര്‍എഫ് ടയേഴ്സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, എയര്‍ടെല്‍, സിപ്ല, ഇന്റെക്സ് ടെക്നോളജീസ്, മൈക്രോമാക്സ്, ബിഎസ്എന്‍എല്‍, അപ്പോളോ ടയേഴ്സ്, എല്‍ ആന്‍ഡ് ടി തുടങ്ങിയവയാണ് അവരുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റു കമ്പനികളെന്നും റിതേഷ് പറയുന്നു.
അതു കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെയും, പ്രതിരോധ മന്ത്രാലയത്തിന്റെയും, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സൈറ്റുകള്‍ക്കു നേരെയും ആക്രമണം പ്രതീക്ഷിക്കാമെന്ന് റിതേഷ് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിംഗ് സമൂഹമാണ് ഈ ചൈനീസ് സൈബര്‍ ഗ്രൂപ്പുകളെന്നും റിതേഷ് അവകാശപ്പെടുന്നു.
അവയില്‍ ഏകദേശം 314,000 പേര്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവ രാജ്യാന്തര തലത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവയാണ്. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ, മറ്റു ചില ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയൊക്കെ അവരുടെ ലക്ഷ്യങ്ങളാണ്.
ചൈനയിലെ 93 ശതമാനം ഹാക്കിങ് ഗ്രൂപ്പുകള്‍ക്കും പണം നല്‍കുന്നത് പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോ, ചൈനയുടെ വിദേശകാര്യ വകുപ്പോ ആണെന്നും റിതേഷ് പറയുന്നു.
ഇത്തരം ഹാക്കര്‍ ഗ്രൂപ്പുകള്‍ക്ക് ഫണ്ടു ചെയ്യുന്നത് ചൈനയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ്. അടുത്തിടെ അമേരിക്കയ്ക്കും ഹോങ്കോങിനുമെതിരെ ആക്രമണം നടത്തിയത് ഇവരാണെന്ന് റിതേഷ് പറയുന്നു.
സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളാകുന്നതു കൂടാതെ, ഹാക്കര്‍മാര്‍ ചൈനീസ് കമ്പനികള്‍ക്കു വേണ്ടിയും വിവരം ഹാക്ക് ചെയ്തു നല്‍കുന്നുണ്ടെന്നും റിതേഷ് ആരോപിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഇങ്ങനെയും ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് റിതേഷ് പറയുന്നത്.
ചൈനയുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനാല്‍ സൈബര്‍ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനൊക്കില്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്.
ചൈനീസ് ഹാക്കര്‍ സമൂഹങ്ങള്‍ ഇതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുക പോലും ചെയ്തേക്കാമെന്നും പറയുന്നു. അതിനാല്‍ തന്നെ സൈബര്‍ മേഖലയില്‍ അത്യന്തം ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.