അടുത്തിടെ ന്യൂസിലന്‍ഡില്‍ നിന്ന് വന്ന ഒരു വാര്‍ത്തയാണ് കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അബോധാവസ്ഥയിലായി എന്നത്. സംഭവം നടന്ന് ഒരുമാസം കഴിയാറിയിട്ടും ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നാണറിയുന്നത്. ഇതേസമയം ദക്ഷിണ ചൈനയില്‍ നിന്ന് കാട്ടുപന്നിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഒരു വാര്‍ത്ത ഇതിന് നേര്‍വിപരീതമാണ്. ദക്ഷിണ ചൈനയില്‍ ഒരു കര്‍ഷകന്‍ ഒറ്റദിവസം കൊണ്ട് കോടീശ്വരനായിരിക്കുന്നു.
ഒരു കാട്ടുപന്നിയുടെ പിത്താശയത്തില്‍ നിന്നും ലഭിച്ച ഗോരോചനക്കല്ലാണ് കര്‍ഷകനെ സമ്പന്നനാക്കിയതത്രേ. പശുവിന്റെയോ കാളയുടെയോ ശരീരത്തിലെ ചില ഗ്രന്ഥികളില്‍ നിന്ന് ലഭിക്കുന്ന ഒരിനം സുഗന്ധവസ്തുവും പ്രത്യേകതരം ഔഷധവുമായ ഈ കല്ലിന് ഏകദേശം 4 കോടിയോളം രൂപയാണ് വില. 51 കാരനായ ബോ ചിനോലു എന്ന കര്‍ഷകന് ലഭിച്ച ഗോരോചന കല്ലിന് 4 ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുണ്ട്.
റിസോ നഗരത്തിലെ ജൂ കൗണ്ടിയിലുളള കര്‍ഷകന്റെ ഫാമില്‍ വച്ചാണ് എട്ടു വയസ് പ്രായമുളള കാട്ടുപന്നിയെ കശാപ്പ് ചെയ്തത്. 250 കിലോഗ്രാം ഭാരമുളള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും വലിയ ഗോരോചന കല്ല് കര്‍ഷകന്‍ കണ്ടെത്തിയത്. പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ്വ ഔഷധമാണ് ഗോരോചനകല്ല്. പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം. അപൂര്‍വ്വമായി മാത്രം കിട്ടാറുള്ള ഇത് സാധാരണയായി പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലാബോറട്ടറികളില്‍ കൃത്രിമമായി നിര്‍മ്മിക്കുകയാണ് പതിവ്. കല്ലുപോലെയാക്കിയ ഗോരോചനമാണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്.