വീടും നാടും ഉപേക്ഷിക്കപ്പെട്ട് തെരുവിൽ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവരെ തിരികെ ബന്ധുക്കളുടെ അടുക്കലെത്തിക്കാൻ തന്റെ സമയം നീക്കി വച്ച് ചൈനീസ് യുവാവ്. 33 വയസുകാരനായ കായ് യാൻക്വി എന്നയാളാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി ചൈനയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് അനാഥരായ ആളുകളെ കണ്ടെത്തി അവരെ തിരികെ വീടുകളിലെത്തിക്കുവാൻ സഹായിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് കായ്യുടെ അപസ്മാര രോഗിയായ സഹോദരനെ വീട്ടിൽ നിന്നും കാണാതായിരുന്നു. മൂന്നു നാളുകൾക്കു ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്തുവാനായത്. ഈ മൂന്നു നാളുകളും അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ കാണാതായതിൽ അനുഭവിച്ച വിഷമം ചെറുതൊന്നുമായിരുന്നില്ല.
തനിക്കും കുടുംബാംഗങ്ങൾക്കുമുണ്ടായ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കുവാനാണ് താൻ അനാഥരായ ആളുകളെ കണ്ടെത്തി അവരുടെ കുടുംബാംഗങ്ങളുടെ കൈകളിൽ തിരികെ ഏൽപ്പിക്കുവാനുള്ള പരിശ്രമം ആരംഭിച്ചതെന്ന് കായ് പറയുന്നു.
മൂന്നു വർഷങ്ങൾക്കു മുമ്പ് ഒരു വാഹനം വാങ്ങിയ കായ്, കിടക്കയുൾപ്പടെയുള്ള അവശ്യസാധനങ്ങളുമായി തന്റെ വീടു വിടുകയും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി ശുശ്രൂഷിച്ചതിനു ശേഷം അവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യുന്നത് ആരംഭിക്കുകയായിരുന്നു. ഈ പരിശ്രമത്തിന്റെ ഭാഗമായി ചൈനയിൽ കൂടി ഏകദേശം 90,000 കിലോമീറ്റർ ദൂരം കായ് സഞ്ചരിച്ച് തെരുവിൽ അലഞ്ഞു നടന്ന ഏകദേശം 50തിലധികം ആളുകളെ തിരികെ അവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു.
തെരുവിൽ കണ്ടെത്തുന്ന ഓരോ വ്യക്തിയും വീട് വിട്ട് അലയുന്നതിന്റെ കാരണം വ്യത്യസ്തമായിരിക്കുമെന്നാണ് കായ് പറയുന്നത്. ചിലർ തിരികെ വീടുകളിൽ പോകുവാൻ പോലും താത്പര്യം കാട്ടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനാഥരായി കണ്ടെത്തുന്നയാളുകളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് ഏറ്റവും വലിയ സാഹസമെന്ന് കായ് പറയുന്നു. കാരണം തെരുവിലുള്ള ആളുകളുടെ അടുക്കലെത്തുന്നവർ അവരെ പല രീതിയിലും ചൂഷണം ചെയ്യാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നമ്മൾ സഹായിക്കാൻ സമീപിച്ചാൽ പോലും അവർ സഹകരിക്കണമെന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
വീടുകളിൽ തിരികെ പോകുവാൻ താത്പര്യമില്ലാത്തവർക്ക് മോശമല്ലാത്ത ജീവിതസാഹചര്യമൊരുക്കി നൽകുന്നയാളാണ് കായ്. മാത്രമല്ല അവർക്ക് ഭക്ഷണവും നല്ല വസ്ത്രവും കായ് നൽകുന്നു. അനാഥരായവരെ ഒരാളെ പോലും തെരുവിൽ കണ്ടെത്താത്ത ഒരു ദിവസമെ താൻ ഈ പ്രവൃത്തി അവസാനിപ്പിക്കുകയുള്ളു എന്നാണ് കായ് പറയുന്നത്. അന്ന് താൻ വീട്ടിലേക്ക് തിരികെ മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിൽ നിന്നും എല്ലാവിധത്തിലുമുള്ള സഹായവും കായ്ക്ക് ലഭിക്കുന്നുണ്ട്. തന്റെ വാഹനത്തിലാണ് കായ് നാളുകളായി ഉറങ്ങുന്നത്. തന്റെ പ്രവൃത്തികൊണ്ട് ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിൽ താരമായ കായെയെ ലക്ഷക്കണക്കിനാളുകൾ ഒരു ആരാധനാപാത്രമായാണ് കരുതുന്നത്. ഇവർ നൽകുന്ന പണവും മറ്റും ഉപയോഗിച്ചാണ് കായ് തന്റെ പ്രവൃത്തി മുമ്പോട്ടു കൊണ്ടുപോകുന്നത്.
മാത്രമല്ല പല ബിസിനസ് സ്ഥാപനങ്ങളും കായ്ക്ക് പണം നൽകുവാനായി സമീപിച്ചിരുന്നുവെങ്കിലും ഇതെല്ലാം വേണ്ടന്നു വച്ച കായ് പറയുന്നത് ഇങ്ങനെയാണ്. ആവശ്യമുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട് അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണ്. ചൈനയിലൊട്ടാകെ ഒരു താരപരിവേഷമാണ് കായ് സ്വന്തമാക്കിയിരിക്കുന്നത്.