ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ പുലര്‍ത്തുന്ന അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ചൈനീസ് കമ്പനി വരുന്നു ? ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ ഇതിനോടകം എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന മൊബൈല്‍ ഇന്ത്യയിലെത്തിയാല്‍ കനത്ത തിരിച്ചടി നേരിടുക റിലയന്‍സിന്റെ ജിയോയ്ക്കാവും.
38ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. ഇന്ത്യയിലും 5ജി വിപണിയാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. 5ജി ഉപഭോക്താക്കളുടെ 2020ല്‍ എണ്ണം ഒരുകോടിയാക്കാനാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ 9.3 കോടിയില്‍ അധികം ആളുകളാണ് ചൈന മൊബൈലിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ടെലികോം സേവനദാതാക്കളുമായി
ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാവും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈന മൊബൈലിന്റെ വരവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതകള്‍ ആരാഞ്ഞുള്ള ചര്‍ച്ചകള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയായതായാണ് വിവരം. നിലവിലെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണിന് ചൈന മൊബൈലുമായുള്ള ബാന്ധവം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
2016 സെപ്തംബറില്‍ റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് പ്രവേശിച്ചതോടെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികളുടെ കുത്തകകള്‍ തകര്‍ന്നടിയുകയായിരുന്നു. ഈ കമ്പനികള്‍ വന്‍ നഷ്ടം നേരിടുകയും ചെയ്തു. ഹോള്‍ഡിംഗ് കമ്പനിയായി ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ പദ്ധതിയിടുന്ന ചൈന മൊബൈലിന് ഓഹരി പങ്കാളിത്തത്തിനൊപ്പം മറ്റ് വിഷയങ്ങളിലും നിര്‍ണായക സ്വാധീനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പങ്കാളികളാവുന്ന കമ്പനികള്‍ക്ക് 5ജി സേവനങ്ങളും സൗകര്യങ്ങളുമൊരുക്കാന്‍ ചൈന മൊബൈലിന് സാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 4ജിയില്‍ നിന്ന് 5ജിയിലേക്ക് കടക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ചൈന മൊബൈലിന്റെ വെല്ലുവിളിയെ ജിയോ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.