ടെക്നോളജിയുടെ കാര്യത്തില്‍ മറ്റു ലോകരാജ്യങ്ങളേക്കാള്‍ എപ്പോഴും ഒരുപടി മുമ്പില്‍ നില്‍ക്കാനാണ് ചൈന ഏപ്പോഴും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ (Xinhua) ലോകത്തെ ആദ്യത്തെ വാര്‍ത്ത വായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ന്യൂസ് ആങ്കറെ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. ശരിക്കുമുള്ള വാര്‍ത്താ വായനക്കാരെ സ്വരത്തിലും ഭാവത്തിലും അനുകരിച്ചാണ് റോബോട്ട് വാര്‍ത്ത വായിക്കുന്നത്. മാത്രമല്ല ക്ഷീണമില്ലാതെ 24 മണിക്കൂറും വാര്‍ത്ത വായിച്ചുകൊണ്ടേയിരിക്കും.
പരമ്പരാഗത ന്യൂസ്റൂമുകളുടെ നിര്‍വചനം തന്നെ ഇനി മാറും. പ്രൊഫഷണല്‍ വാര്‍ത്താ വായനക്കാരെപ്പോലെ അവരുടെ വെര്‍ച്വല്‍ പ്രെസന്റര്ക്കും സ്വാഭാവിക മനുഷ്യ സ്വരത്തില്‍ വാര്‍ത്ത വായിക്കാനാകുമെന്നാണ് ഏജന്‍സി അവകാശപ്പെട്ടത്. പക്ഷേ, റോബോട്ടിക് വാര്‍ത്താ വായനക്കാരന്റെ സ്വരം വളരെ കൃത്രിമവും വിലക്ഷണവുമാണെന്നാണ് വാര്‍ത്ത കേട്ട ചിലരുടെ അഭിപ്രായം. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫെഡിലെ മൈക്കിള്‍ വൂള്‍റിജ് പറഞ്ഞത് എഐ ആങ്കര്‍മാരുടെ വാര്‍ത്തവായന ഏതാനും മിനിറ്റുകളില്‍ കൂടുതല്‍ കേട്ടിരിക്കാന്‍ വയ്യെന്നാണ്. വായന ഏകതാനവും, താളമില്ലാത്തതും, ഊന്നല്‍ നല്കാനാകാത്തതും, വേഗം കൂട്ടുകയോ കുറയ്ക്കുകയൊ ചെയ്യാനാകാത്തതുമാണെന്നാണ് അദ്ദേഹം ബിബിസിയോട് പറഞ്ഞത്.
ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ആയതിനാല്‍ കാലക്രമേണ മാറ്റം വരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. Hello, you are watching English news programme. I’m AI anchor in Beijing, എന്നു പറഞ്ഞാണ് റോബോട്ട് തന്റെ കന്നി പ്രകടനം തുടങ്ങിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ വാര്‍ത്താ വായനക്കാരനായ സാങ് സാവോയെ (Zhang Zhao) അനുകരിച്ചാണ് എഐ വാര്‍ത്ത വായനക്കാരനെയും സൃഷ്ടിച്ചിരിക്കുന്നത്. എഡിറ്റര്‍മാര്‍ എഴുതിക്കൊടുക്കുന്ന സ്ക്രിപ്റ്റ് അതേപടി വായിക്കുകയാണ് എഐ അവതാരകന് ചെയ്യുന്നത്.
സ്വയം പരിചയപ്പെടുത്തുമ്പോള്‍ റോബോട്ട് പറഞ്ഞത് താന്‍ വിശ്രമില്ലാതെ പണിയെടുക്കുമെന്നാണ്. മനുഷ്യ അവതാരകന്റെ ചുണ്ടുകളുടെ ചലനവും, മുഖ ഭാവങ്ങളും സ്വരവും എല്ലാം എഐ അവതാരകനു നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. ചൈനീസ് സേര്‍ച്ച് എന്‍ജിനായ സോഗോയുമായി (Sogou) ചേര്‍ന്നാണ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു.
24 മണിക്കൂറും റോബോട്ടിനെക്കൊണ്ട് വാര്‍ത്ത വായിപ്പിക്കാനായാല്‍ നിരവധി ആങ്കര്‍മാരെ ഇതുവഴി ഒഴിവാക്കാം. അതുവഴി ധാരാളം പണവും ലാഭിക്കാം. എഐയുടെ ഇടപെടലും ജോലികള്‍ ഇല്ലാതാകലും വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷേ കമ്യൂണിസ്റ്റ് രാജ്യമായ ചൈന തന്നെ ഇത്തരമൊരു ഇടപെടല്‍ നടത്തിയത് ഒരു വിരോധാഭാസമാണോ എന്നു മാത്രമാണ് പലരും ചോദിക്കുന്നത്. എന്തായാലും സംഗതി ചൈനയില്‍ വിജയകരമായാല്‍ ലോകത്തെല്ലായിടത്തുമുള്ള ചാനല്‍ മുതലാളിമാര്‍ ഈ വഴി തെരഞ്ഞെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.