ചൈനയില് ദാരിദ്ര്യം നിലനില്ക്കുന്നുവെന്ന് തരത്തില് പ്രചരിക്കുന്ന വീഡിയോകള്ക്കെതിരേ നീക്കം ശക്തമാക്കി ചൈനീസ് അധികൃതര്.
വീഡിയോകള് നീക്കംചെയ്യുകയും സോഷ്യല് മീഡിയ അക്കൗണ്ടുകള് മരവിപ്പിക്കുകയുമാണ് ഇപ്പോള് ചെയ്യുന്നത്.
പെന്ഷനായി ലഭിക്കുന്ന 100 യുവാന് (1182 ഇന്ത്യന് രൂപ) കൊടുത്താല് പലചരക്ക് സാധനങ്ങള് എത്രത്തോളം വാങ്ങാന് കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു പ്രായംചെന്ന വനിത പോസ്റ്റുചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അത് ഇന്റര്നെറ്റില്നിന്ന് നീക്കംചെയ്യപ്പെട്ടു.
ന്യൂയോര്ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്ട്ടുചെയ്തത്. തന്റെ ഏക വരുമാനമാണ് 100 യുവാനെന്ന് സ്ത്രീ അവകാശപ്പെട്ടിരുന്നു.
ചൈനീസ് അധികൃതര് രാജ്യത്ത് ലഭ്യമായ പ്ലാറ്റ്ഫോമുകളില്നിന്ന് വീഡിയോ നീക്കംചെയ്തുവെങ്കിലും യുട്യൂബിലടക്കം ലഭ്യമാണ്.
ചൈനയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള പാട്ടിന്റെ പേരില് ഒരു ഗായകന്റെ സോഷ്യല് മീഡിയ അക്കൗണ്ട് സസ്പെന്ഡ് ചെയ്തു.
‘ഞാന് എല്ലാ ദിവസവും മുഖം കഴുകാറുണ്ട്. എന്നാല് എന്റെ മുഖത്തെക്കാള് വൃത്തി എന്റെ പോക്കറ്റിനാണ്’ എന്ന തരത്തിലുള്ള പാട്ടാണ് അധികൃതരെ ചൊടിപ്പിച്ചത്.
പാട്ട് നിരോധിക്കുകയും ഗായകന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് സസ്പെന്ഡ് ചെയ്യുകയാണ് അധികൃതര് ഇതേത്തുടര്ന്ന് ചെയ്തത്.
കോവിഡ് ബാധിച്ചിട്ടും കഠിനാധ്വാനം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന് ശ്രമിച്ച ഒരു കുടിയേറ്റ തൊഴിലാളിക്ക് 2022-ല് ചൈനയില് വലിയ ശ്രദ്ധയും പിന്തുണയും ലഭിച്ചിരുന്നു.
എന്നാല് അദ്ദേഹത്തെക്കുറിച്ചുള്ള ചര്ച്ചകള് ഇന്റര്നെറ്റില് വിലക്കിയിരിക്കുകയാണ് അധികൃതര്. മാധ്യമ പ്രവര്ത്തകര് അദ്ദേഹത്തിന്റെ വീട്ടിലെത്താതിരിക്കാന് പ്രാദേശിക ഭരണകൂടം വീടിന് കാവല് ഏര്പ്പെടുത്തിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.
ദാരിദ്ര്യത്തെ മറികടക്കുന്നതില് ചൈന വിജയിച്ചുവെന്നാണ് 2012ല് ഷി ജിന്പിങ് പ്രഖ്യാപനം നടത്തിയത്.
എന്നാല് ചൈനയിലെ നിരവധിപേര് ഇന്നും ദാരിദ്ര്യത്തിലോ ദാരിദ്ര്യ രേഖയ്ക്ക് തൊട്ടുമുകളിലോ ആണ് ഇന്നുമുള്ളത്.
അതിനിടെ ചൈനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പ്പിക്കുന്ന തരത്തിലുള്ള വീഡിയോകള് അനുവദിക്കുന്നതല്ലെന്ന് ചൈനയിലെ സൈബര്സ്പെയ്സ് അഡ്മിനിസ്ട്രേഷന് കഴിഞ്ഞ മാര്ച്ചില് വ്യക്തമാക്കിയിരുന്നു.
ധ്രുവീകരണം ഉണ്ടാക്കുന്നതോ, ദുഃഖമുണ്ടാക്കുന്നതോ, പാര്ട്ടിയുടെയോ സര്ക്കാരിന്റെയോ പ്രതിച്ഛായ മോശമാക്കുന്നതോ ആയ വീഡിയോകളോ പോസ്റ്റുകളോ അനുവദിക്കില്ല എന്നാണ് പ്രഖ്യാപനം.
സാമൂഹികമോ, സാമ്പത്തികമോ ആയ പുരോഗതിയെ തടസപ്പെടുത്തുന്ന ഇടപെടലുകള് അനുവദിക്കില്ലെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
പ്രായംചെന്നവരുടെയും ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും ഏതെങ്കിലും തരത്തിലുള്ള ദുരിതം ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകള്ക്കെല്ലാം വിലക്കുണ്ട്.
ചൈനയ്ക്ക് മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്ന് ലോകത്തെ കാട്ടിക്കൊടുക്കുകയാണ് ഇത്തരം നിയന്ത്രണങ്ങളുടെ ലക്ഷ്യം.
പാവപ്പെട്ടവരെക്കുറിച്ചുള്ള എല്ലാ ചര്ച്ചകളും വിലക്കാനാണ് ചൈനയിലെ അധികൃതര് ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോര്ട്ടുകള്.