മഴക്കാലം അടുക്കുമ്പോള്‍ കേരളം ഭീതിയോടെ മാത്രം സ്മരിക്കുന്ന നാമമാണ് ഡെങ്കിപ്പനി. എന്നാല്‍ ഡെങ്കിപ്പനിയെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന പ്രതീക്ഷ നല്‍കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍. ഡെങ്കിപ്പനി കൊണ്ട് വലഞ്ഞ രണ്ട് ദ്വീപുകളിലെ ജനങ്ങളെ അവര്‍ രക്ഷിച്ച വാര്‍ത്തയാണ് കേരളത്തിന് പ്രതീക്ഷ പകരുന്നത്. പുതിയ സംവിധാനമുപയോഗിച്ച് ഈ ദ്വീപുകളില്‍നിന്ന് കൊതുകുകളെ അപ്പാടെ തുരത്തിയാണ് രോഗഭീതി ഒഴിപ്പിച്ചത്.
ചെറിയ രണ്ട് ദ്വീപുകളില്‍ ഈ സംവിധാനം വിജയം കണ്ടുവെങ്കിലും വലിയൊരു പ്രദേശത്ത് നടപ്പാക്കുക പ്രയാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മാത്രമല്ല, അതിന് ചെലവേറുകയും ചെയ്യും. ഡെങ്കിയും സിക വൈറസും മറ്റും പരത്തുന്ന ഏഷ്യന്‍ ടൈഗര്‍ വിഭാഗത്തിലെ കൊതുകുകളെയാണ് ശാസ്ത്രജ്ഞര്‍ തുരത്തിയത്. വൈറസിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ വികസിപ്പിക്കുകയും റേഡിയേഷന്‍ നല്‍കുകയും ചെയ്താണ് കൊതുകുകളെ പൂര്‍ണമായും തുരത്തിയത്. കൊതുകുകളുടെ പ്രത്യുത്പാദനശേഷി റേഡിയേഷനിലൂടെ ഇല്ലാതാക്കിയതോടെ, കൊതുകുകള്‍ പെരുകുന്നത് തടയാനായി.
ബാക്ടീരിയയെ കടത്തിയ ആണ്‍കൊതുകുകളെ ഗ്വാങ്ഷുവിന് സമീപത്തുള്ള ദ്വീപുകളില്‍ കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഷിയോങ് സിയുടെ നേതൃത്വത്തിലുള്ള സംഘം 2016-ലും 2017-ലും 18 ആഴ്ചയോളം പരീക്ഷണം തുടര്‍ന്നു. ഡെങ്കി രോഗവാഹകരായ പെണ്‍കൊതുകുകളെ റേഡിയേഷനിലൂടെ വന്ധ്യംകരിക്കുകയും പ്രത്യുത്പാദനം പൂര്‍ണമായും തടയുകയും ചെയ്തു. 90 ശതമാനത്തിലേറെപ്പേര്‍ക്ക് ഡെങ്കിപ്പനി വന്നിരുന്ന മേഖലയാണിത്.
കൊതുകുകളെ പൂര്‍ണമായും ഇല്ലാതാക്കിയതോടെ, ഈ മേഖലകളെ ഡെങ്കിബാധയില്‍നിന്ന് വലിയൊരു അളവുവരെ രക്ഷിക്കാനായതായി ഷിയോങ് സി പറഞ്ഞു. ബാക്ടീരിയ കലര്‍ന്ന ആണ്‍കൊതുകുകളെ ഉപയോഗിച്ചാണ് പ്രതിരോധമെന്നതിനാല്‍, ഓരോ ചെറുപ്രദേശത്തേക്കും വേണ്ടത്ര കൊതുകുകളെ സൃഷ്ടിക്കുകയാണ് പരീക്ഷണത്തിലെ ശ്രമകരമായ ദൗത്യം. രണ്ടുവര്‍ഷത്തിനിടെ, രണ്ട് ചെറുദ്വീപുകളിലുമായി 200 ദശലക്ഷം ആണ്‍കൊതുകുകളെയാണ് തുറന്നുവിട്ടത്.
ശ്രമകരമായ പരീക്ഷണമാണിതെന്ന് വേള്‍ഡ് മൊസ്‌കിറ്റോ പ്രോഗ്രാമിലെ സ്‌കോട്ട് ഒനീല്‍ പറഞ്ഞു. ഇതെങ്ങനെ മറ്റൊരു പ്രദേശത്ത് പരീക്ഷിച്ച് വിജയിക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലാര്‍വകള്‍ വിരിയിച്ച് ബാക്ടീരിയ കടത്തിവിട്ട് പ്രതിരോധശേഷിയുള്ള കൊതുകുകളെ നിര്‍മ്മിക്കുകയെന്നതാണ് ശ്രമകരമായ കാര്യം. ഇതിന് നിരന്തര നിരീക്ഷണവും ഒട്ടേറെ പണവും ആവശ്യമാണ്. ഇതിനേക്കാള്‍ ചെലവുകുറഞ്ഞ കീടനാശിനികള്‍ ലഭ്യമാണെന്നതും പരീക്ഷണത്തെ പിന്നോട്ടടിക്കുന്നുണ്ട്. ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.