അപ്രത്യക്ഷനാകുക എന്നത് മനുഷ്യന്റെ ചിരകാല അഭിലാഷമാണ്. കുറച്ചു ദിവസം മുമ്പ് മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ചെന്നു പറഞ്ഞ് ഒരു ചൈനക്കാരന്‍ രംഗത്തെത്തയിരുന്നു. ഇയാളുടെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ കണ്ട പലരും അവസാനം തങ്ങളുടെ ചിരകാല അഭിലാഷം സഫലമായെന്ന രീതിയിലാണ് പ്രതികരിച്ചത്. നിന്നനില്‍പ്പില്‍ അപ്രത്യക്ഷമാകാന്‍ കഴിയുന്ന വസ്ത്രം എന്ന വാദത്തോടെയാണ് ചൈനക്കാരന്‍ ഈ വസ്ത്രം അവതരിപ്പിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതു വെറും തട്ടിപ്പാണെന്നും ഇങ്ങനെ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എസ്‌കെ പൂക്കോട്ടൂര്‍ എന്ന മലപ്പുറംകാരനാണ് ചൈനക്കാരന്റെ ഈ വസ്ത്രത്തിന് പിന്നിലുള്ള അപ്രത്യക്ഷവിദ്യ പൊളിച്ചടുക്കിയിരിക്കുന്നത്. ചൈനക്കാരനെ പൊളിച്ചടുക്കി ഇയാള്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വസ്ത്രം കൊണ്ട് അപ്രത്യക്ഷനാകുന്നതും ഇയാള്‍ വീഡിയോയില്‍ കാട്ടുന്നു. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍ അപ്രത്യക്ഷമാകാനുള്ള വസ്ത്രമൊന്നും കണ്ടുപടിച്ചിട്ടില്ല എന്നും എസ് കെ പൂക്കോട്ടൂര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു.