ചെറുപ്പത്തില്‍ അതികഠിനമായ പട്ടിണിയില്‍ കഴിയേണ്ടി വരികയും പിന്നീട് അത്യദ്ധ്വാനം ചെയ്ത് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത ധാരാളമാളുകളുണ്ട് നമ്മുടെ ചുറ്റിലും. ഇത്തരത്തില്‍ അത്യന്തം പരിതാപകരമായ ജീവിതാവസ്ഥയില്‍ നിന്ന് അദ്ധ്വാനം കൈമുതലാക്കി ജീവിതം തുടങ്ങുകയും പിന്നീട് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത ജീവിതങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ചൈനാക്കാരി ഷൗ കൂംഗ് ഫെയുടേത്. അഞ്ചാം വയസ്സില്‍ അമ്മ മരിച്ചു. ഏറെ താമസിയാതെ അച്ഛന് അംഗഭംഗം വന്ന് തൊഴിലെടുക്കാന്‍ കഴിയാതെയായി. ജീവിതത്തിലെ ഈ തിരിച്ചടികള്‍ക്കൊപ്പം പട്ടിണി വേറെയും. വയറ് നിറയ്ക്കാന്‍ താറാവിനെയും പന്നിയെയും വളര്‍ത്തുകയും അതില്‍ നിന്ന് കിട്ടുന്ന ചില്ലറത്തുട്ടുകള്‍ തനി അത്യാവശ്യത്തിന് മാത്രം ചെലവഴിക്കുകയും ചെയ്തുപോന്നു.
ഫാക്ടറി തൊഴിലാളിയില്‍ നിന്നും ടച്ച് സ്ക്രീന്‍ വിപ്ലവം വഴി ചൈനയിലെ ഏറ്റവും വലിയ പണക്കാരിയിലേക്കാണ് കുംഗ്ഫെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുക്കടലില്‍ നിന്നും അസാധാരണ മന:ശ്ശക്തി കൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയര്‍ച്ചയുടെ കൊടുമുടിയിലക്കു കയറിയ കൂംഗ്ഫെയുടെ ഇപ്പോഴത്തെ ആസ്തി ഏകദേശം 50,000 കോടി രൂപയ്ക്ക് മുകളിലാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള ടച്ച് സ്ക്രീന്‍ ഗല്സ്സ് കവറുകള്‍ ഉണ്ടാക്കുന്ന അവരുടെ കമ്പനിയ്ക്ക് വേണ്ടി ലോകപ്രശസ്ത ബ്രാന്‍ഡുകളായ ആപ്പിളും സാംസങുമെല്ലാം ക്യൂ നില്ക്കുന്നു. 1970-ല്‍ ചൈനയുടെ ഒരു ഉള്‍നാടന്‍ പ്രദേശമായ ഹുനാന്‍ പ്രവിശ്യയില്‍ ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ ജനിച്ച കൂംഗ്ഫെ ഫോബ്സിന്റെ പട്ടികയില്‍ പെടുന്ന പ്രായം കുറഞ്ഞ സ്വയം പര്യാപ്തത നേടിയ വ്യവസായിയായി മാറിയിരിക്കുന്നു. മതിയായ വിദ്യാഭ്യാസം പോലും നേടാന്‍ ജീവിതദുരിതം കുംഗ്ഫെയെ അനുവദിച്ചില്ല. കുടുംബം പോറ്റാന്‍ 16-ാം വയസ്സ് മുതല്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്ന കുംഗ്ഫെ വാച്ചുകളുടെ ലെന്‍സ് ഉണ്ടാക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു.
കഠിനമായ ജോലികളോട് മല്ലിട്ട് ആറു വര്‍ഷത്തോളം പോയപ്പോഴാണ് സ്വന്തമായി ഒരു ബിസിനസിനെ കുറിച്ച് ചിന്തിച്ചത്. അതുവരെ തൊഴിലില്‍ നിന്നും സമ്പാദിച്ചതും സൂക്ഷിച്ചു വെച്ചിരുന്നതുമെല്ലാം ഉപയോഗിച്ച് പ്രവര്‍ത്തി പരിചയമുള്ള വാച്ചുകളുടെ ലെന്‍സ് ഉണ്ടാക്കുന്ന കമ്പനിയാണ് തുറന്നത്. ആദ്യം സ്വന്തം താമസസ്ഥലത്ത് സഹോദരങ്ങളും സഹപ്രവര്‍ത്തകരുമായിരുന്ന ഏതാനും പേരോടുമൊപ്പം ചെറിയ സെറ്റപ്പിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കാര്യമായ ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ട് പോയിരുന്നു എന്നല്ലാതെ കാര്യമായ ഒരു സാമ്പത്തികലാഭവും തുടക്കത്തില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. പിന്നീടായിരുന്നു കുംഗ്ഫെ മൊബൈല്‍ ഫോണുകളുടെ ഗല്സ്കവര് നിര്‍മ്മാണത്തിലേക്ക് ബിസിനസില്‍ ഒരു മാറ്റം കൊണ്ടുവന്നത്. ലോകം പിന്നീട് മൊബൈല്‍ ഫോണിന്റെ ഇത്തിരി വെട്ടത്തിലേക്ക് ചുരുങ്ങിയപ്പോള്‍ കുംഗ്ഫെയുടെ ലോകം വിശാലമായി. ഇന്ന് ചൈനയില്‍ ഉടനീളമായുള്ള 32 ഫാക്ടറികളിലായി 74,000 പേരെയാണ് കുംഗ്ഫെ ജോലിനല്‍കി സംരക്ഷിക്കുന്നത്. 2012-നും 2014-നും ഇടയില്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയിലെ 70 ശതമാനം ഗ്ലാസ്സുകളും വാങ്ങിയത് സാംസങ്ങും ആപ്പിളുമായിരുന്നു. ടച്ച് സ്ക്രീനുകളുടെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച കുംഗ്ഫെയെ ‘മൊബൈല്‍ ഫോണ്‍ ഗ്ലാസ്സിന്റെ രാജ്ഞി’ എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്.