വിവാഹമോചനം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ സമ്മര്‍ദ്ദമേറിയ ഒരു കാര്യമാണ്. കുട്ടികള്‍ കൂടിയുള്ളവരാണെങ്കില്‍ സമ്മര്‍ദ്ദവും ഭാവിയേക്കുറിച്ചുള്ള ആശങ്കകളും വളരെയധികമായിരിക്കും. ഈ ആശങ്കകളും മനസിലെ വിഷമങ്ങളും മാറ്റിവച്ച് എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന് സംശയിക്കുന്നവര്‍ക്ക് ആശ്വാസമായി ചൈനയില്‍ ഒരാചാരമുണ്ട്. ശവക്കുഴിയില്‍ കിടന്നുള്ള ധ്യാനമാണ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ആശ്വാസമാകുന്നത്. വിവാഹമോചനം എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയാണ് ഇവര്‍ ഇതിലൂടെ ചെയ്യുന്നത്. പൊതുവേ വിവാഹമോചനങ്ങള്‍ സ്ത്രീകളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. മരവിച്ച അവസ്ഥയായിരിക്കും അവര്‍ക്ക് പിന്നീട്. വരാന്‍ പോകുന്ന അവസ്ഥയോര്‍ത്ത് ധ്യാനിച്ചാല്‍ പിരിമുറുക്കത്തിന് ആശ്വാസം ലഭിച്ചേക്കാം എന്ന വിശ്വാസം അനുസരിച്ചാണ് ഇത്തരക്കാര്‍ക്കായി ഈ ശവക്കുഴി ധ്യാനങ്ങള്‍ ഒരുക്കുന്നത്.
ശരിക്കുള്ള ശ്മശാനത്തിന് സമാനമായ രീതിയില്‍ മണ്ണെടുത്ത് ശവക്കുഴിയുണ്ടാക്കി അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സ്ത്രീകള്‍ നിരനിരയായി കിടക്കും. കണ്ണടച്ച് കൈകള്‍ കൂപ്പി ധ്യാനാവസ്ഥയിലായിരിക്കും കിടപ്പ്. ആവശ്യത്തിന് സമയം ധ്യാനിച്ച് കഴിഞ്ഞാല്‍ പ്രതീകാത്മകമായി പ്ലാസ്റ്റിക് ഷീറ്റ് കുഴിയില്‍ ഉപേക്ഷിച്ച് കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാം. പഴയ ജീവിതത്തെ പാടേ ഉപേക്ഷിക്കുന്നു എന്നാണിതിലൂടെ അര്‍ത്ഥമാക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വിവാഹമോചനത്തോടനുബന്ധിച്ചുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ചാണ് ചൈനയില്‍ ഈ ആചാരം നിലനില്‍ക്കുന്നത്.