ഓമനിച്ച് വളർത്തി വലുതാക്കിയ മകൻ തങ്ങളുടെതല്ല എന്ന സത്യം ഏതൊരു മാതാപിതാക്കൾക്കും താങ്ങാവുന്നതിലും അപ്പുറമാണ്. മാത്രമല്ല, സ്നേഹം പകുത്തുനല്കി വളർത്തിയ അച്ഛനും അമ്മയും തന്റെതല്ല എന്ന ബോധ്യം ഏതൊരു മകനിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതായിരിക്കും. ഈ അവസ്ഥയിലൂടെ കടന്നു പോകുകയാണ് ചൈനീസ് സ്വദേശിനിയായ സാംഗും ഭർത്താവും മകനും.
സാംഗിനും ഇവരുടെ ഭർത്താവിനും 28 വർഷങ്ങൾക്കു മുന്പാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ വളർന്നപ്പോൾ കുഞ്ഞിന്റെ ഛായ കണ്ട് കുടുംബത്തിലുള്ളവരുടെ മനസിൽ സംശയം ഉടലെടുക്കുകയായിരുന്നു. കാരണം ഇവരുടെ കുടുംബത്തിലുള്ളവരുടേതിനേക്കാൾ സുമുഖനായിരുന്നു മകൻ. മാത്രമല്ല രൂപത്തിലും വളരെ വ്യത്യാസമുണ്ടായിരുന്നു. ഇതിനെ തുടർന്ന് മനസിൽ സംശയം ജനിച്ച ഭർത്താവ് സാംഗുമായുള്ള ബന്ധം 2004 ൽ വേർപെടുത്തുകയായിരുന്നു.
പക്ഷെ ഇതുകൊണ്ടൊന്നും അദ്ദേഹത്തിന് സമാധാനം ലഭിച്ചില്ല. ബന്ധം വേർപ്പെടുത്തി ഏഴു വർഷങ്ങൾക്കു ശേഷം ഡിഎൻഐ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി അദേഹം രംഗത്തെത്തുകയായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഈ മകൻ ഇവരുടെയല്ല എന്ന റിസൾട്ടാണ് ലഭിച്ചത്. ഈ സത്യം മനസിലാക്കാൻ സാംഗിന് ബുദ്ധിമുട്ടായിരുന്നു. അതിനാൽ 2016ൽ വീണ്ടുമൊരു ഡിഎൻഐ ടെസ്റ്റിന് ഇവർ തയാറാകുകയായിരുന്നു. എന്നാൽ ഇവരെ നിരാശരാക്കിക്കൊണ്ട് പഴയ ഫലം തന്നെയാണ് വീണ്ടും ലഭിച്ചത്.
1989ൽ ഷാംഗ്ഹായ് ഫസ്റ്റ് മെറ്റേണിറ്റി ആൻഡ് ഇൻഫന്റ് ഹോസ്പിറ്റലിലാണ് കുട്ടി ജനിച്ചത്. ഈ ആശുപത്രിയിൽ ഇവർ ഇവർ ചെന്ന് അന്വേഷിച്ചപ്പോൾ മതിയായ ഉത്തരം നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയായിരുന്നു. അത്രയും വർഷം പഴക്കമുള്ള റെക്കോർഡുകൾ കണ്ടുപിടിക്കാൻ പ്രയാസമാണെന്നായിരുന്നു ഇവർ നൽകിയ വിശദീകരണം.
സാംഗും ഇവരുടെ മകനും ആശുപത്രിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്. സാംഗ് തന്റെ ശരിക്കുമുള്ള മകനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലും ഇവരുടെ മകൻ തന്റെ ശരിക്കുമുള്ള മാതാപിതാക്കളെ കണ്ടുപിടിക്കാനുമുള്ള ശ്രമത്തിലുമാണ്. തങ്ങളുടെ ശ്രമം വിജയിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഇരുവരും.