ബെയ്ജിംഗ്: ഹോട്ടലുകളിൽ മുറിയെടുത്തശേഷം വ്യാജ പരാതികൾ ഉന്നയിച്ച് പണം തട്ടിയെടുക്കുന്ന ചൈനീസ് യുവാവ് ഒടുവിൽ കുടുങ്ങി. മൂന്നൂറോളം ഹോട്ടലുകളിൽ താമസിച്ച് ഹോട്ടൽ ഉടമകളിൽനിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ജിയാംഗ് എന്ന 21കാരനെയാണു പോലീസ് പൊക്കിയത്.
വൻകിട ഹോട്ടലുകൾ മുതൽ ഇടത്തരം ഹോട്ടലുകൾ വരെ ജിയാംഗിന്റെ കെണിയിൽ അകപ്പെട്ടതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചത്തപാറ്റകൾ, ചീവീട്, പ്രാണികൾ, കീടങ്ങൾ, ഉപയോഗിച്ച ഗർഭനിരോധന ഉറകൾ, മുടി തുടങ്ങിയവയുമായാണു ജിയാംഗ് ഹോട്ടലുകളിൽ മുറിയെടുക്കാനെത്തുന്നത്. മുറിയെടുത്തശേഷം ഇവ കിടക്കയിലും ഭക്ഷണത്തിലും ടോയ് ലറ്റിലും മറ്റും നിക്ഷേപിക്കും. തുടർന്നു വൃത്തിയില്ലെന്നു പറഞ്ഞ് ഹോട്ടലിൽ ബഹളമുണ്ടാക്കും.
ഹോട്ടലിനെതിരേ കേസ് കൊടുക്കുമെന്നും വൃത്തിഹീനമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും. കേസും മറ്റുമായാൽ ബിസിനസിനെ ബാധിക്കുമെന്നു ഭയന്ന് ചോദിക്കുന്ന നഷ്ടപരിഹാരം യുവാവിനു നൽകി ഹോട്ടൽ ഉടമകൾ ഒത്തുതീർപ്പാക്കും. ഈവിധം ഒരു ഹോട്ടലിൽ ബഹളമുണ്ടാക്കുന്പോൾ ജിയാംഗിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണു വിവിധ ഹോട്ടലുകളിൽ നടത്തിയ തട്ടിപ്പുകൾ പുറത്തുവന്നത്. പഠനാവശ്യങ്ങൾക്കു പണം കണ്ടെത്താനാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്നതെന്നു യുവാവ് പോലീസിനോടു പറഞ്ഞു.