വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സ്റ്റീൽ, സോളാർ സെല്ലുകൾ, അലുമിനിയം എന്നിവയ്ക്കാണു കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം താരിഫ്, അർധ ചാലകങ്ങൾക്ക് 50 ശതമാനം താരിഫ്, ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികൾക്ക് 25 ശതമാനം വീതം താരിഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. “അമേരിക്കയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഏതു തരത്തിലുള്ള കാറും വാങ്ങുന്നതു തുടരാം.
എന്നാൽ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാൻ ഞങ്ങൾ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണു വേണ്ടത്, സംഘർഷമല്ല’ -ബൈഡൻ പറഞ്ഞു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.